കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമിയിൽ നടന്ന മരംമുറി വനംവകുപ്പിൻെറ അനുമതിയില്ലാതെയാണെന്ന് പ്രത്യേക വിജിലൻസ് സംഘം. ഈട്ടിമരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയിട്ടില്ല. അനധികൃതമായാണ് മുറിച്ചതെന്നും മുറിച്ച മരങ്ങളെല്ലാം വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം തലവനും ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയുമായ ഷാൻട്രി ടോം പറഞ്ഞു.
ശനിയാഴ്ചയാണ് സംഘം ജില്ലയിലെത്തിയത്. കൽപറ്റ, മേപ്പാടി റേഞ്ച് ഓഫിസുകളിലും ഡി.എഫ്.ഒ ഒാഫിസിലുമെത്തി രേഖകൾ പരിശോധിച്ചു. വരുംദിവസങ്ങളിൽ ജില്ലയിലെ മറ്റു റേഞ്ച് ഓഫിസുകളിലും പരിശോധന നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലും സമാന മരംമുറി നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഫ്ലയിങ് സ്ക്വാഡ് റേഞ്ചർമാരും ഫോറസ്റ്റർമാരും സംഘത്തിലുണ്ട്. മറ്റു ജില്ലകളിലെ മരംമുറിയിലും വനം വിജിലൻസിൻെറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുട്ടിൽ മരംമുറിയിൽ മേപ്പാടി റേഞ്ച് ഓഫിസർ എം.കെ. സമീറിൻെറ നേതൃത്വത്തിലുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്. വിവാദ ഉത്തരവിൻെറ മറവിൽ 15 കോടി വിലമതിക്കുന്ന 202 ക്യുബിക് മീറ്റർ ഈട്ടിത്തടികളാണ് പട്ടയഭൂമിയിൽനിന്ന് മുറിച്ചത്. 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസിൽ മൊഴി രേഖപ്പെടുത്താൻ മുഖ്യപ്രതികൾക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിട്ടില്ല.
തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്ന് മേഖലകളിൽ ഉള്‍പ്പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങൾ പ്രത്യേകം അന്വേഷിക്കുകയും പ്രത്യേക എഫ്.ഐ.ആര് ഇട്ട് കേസെടുക്കുകയും ചെയ്യും. എസ്.പിമാരുടെ നേതൃത്വത്തിലായിരിക്കും മേഖലകളിലെ അന്വേഷണം, ഇതിനായി എസ്.പിമാരായ കെ.വി. സന്തോഷ് കുമാർ, സുദർശൻ, സാബു മാത്യു എന്നിവരെ ചുമതലപ്പെടുത്തി. ഐ.ജി സ്പർജൻ കുമാർ അന്വേഷണ നടപടികൾ ഏകോപിപ്പിക്കും. റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വൻതോതിൽ മരംകൊള്ള നടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ അഴിമതിയും ഉദ്യോഗസ്ഥരുടെ പങ്കും അടക്കം സമഗ്രമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നത്. വിജിലൻസ്, വനം വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.