മൂവാറ്റുപുഴ: സഹോദരിയുടെ കാമുകനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം കറുകടം ഞാഞ്ഞൂൾ കോളനിയിൽ ബേസിൽ എൽദോസിനെയാണ് (22) ഡിവൈ.എസ്.പി മുഹമ്മദ് റിയാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ പണ്ടിരിമല തടിയിലക്കുടിയിൽ അഖിലിനാണ് (19) വെട്ടേറ്റത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ മൂവാറ്റുപുഴ ചാലിക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഓഫ് ചെയ്താണ് ഒളിവിൽ കഴിഞ്ഞത്. വെട്ടാൻ ഉപയോഗിച്ച വടിവാളും കണ്ടെടുത്തു.
അഖിലിനെ വെട്ടിയശേഷം ഓടിയെത്തിയ ബേസിലിനെ ബൈക്കിൽ കടക്കാൻ സഹായിച്ച 17കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവശേഷം കോതമംഗലത്തെ സുഹൃത്തിെൻറ വീട്ടിൽ ഒളിച്ച 17കാരനായ വിദ്യാർഥിയെ ഞായറാഴ്ച രാത്രിതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരിയുമായുള്ള പ്രണയത്തെച്ചൊല്ലി മാസങ്ങളായി ബേസിലും അഖിലും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് 6.15ഓടെ മൂവാറ്റുപുഴ പി.ഒ ജങ്ഷനിലായിരുന്നു സംഭവം. മെഡിക്കൽ ഷോപ്പിൽനിന്ന് മാസ്ക് വാങ്ങിയശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ അഖിലിനെ വെട്ടുകയായിരുന്നു. തലക്കും ഇടതു
കൈക്കും വെട്ടേറ്റു. വെട്ടേറ്റ് പിളർന്ന കൈക്ക് ശസ്ത്രക്രിയ െചയ്തെങ്കിലും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. അഖിലിനൊപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവിെൻറ കൈക്കും ആക്രമണത്തിൽ പരിക്കേറ്റു. അഖിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.