കാവിവത്കരണത്തിന് പരസ്യ പിന്തുണ നൽകിയ സുധാകരന് ഒപ്പമാണോ കോൺഗ്രസും ലീഗും? -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവത്കരണത്തെ പിന്തുണച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയെ കുറിച്ച് മുസ്‍ലിം ലീഗും കോൺഗ്രസിലെ ജനാധിപത്യ വിശ്വാസികളും നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഇടതുപക്ഷത്തിനൊപ്പം വലതുപക്ഷത്തുള്ള മതനിരപേക്ഷ നിലപാടുള്ളവരും ശ്രമകരമായ പ്രവർത്തനം നടത്തിയാണ് ഇന്നത്തെ കേരളം രൂപപ്പെടുത്തിയത്. ആ കേരളത്തെ വർഗീയവത്കരിക്കുന്നതിന് ആർ.എസ്.എസിന്റെ ചട്ടുകമായ ഗവർണർക്ക് പരസ്യ പിന്തുണ നൽകിയിരിക്കുകയാണ് കെ. സുധാകരൻ.

കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത് കാവിവത്കരണത്തിന് പരസ്യമായി പിന്തുണ നൽകിയ സുധാകരന് ഒപ്പമാണോ ഇവിടെയുള്ള ജനാധിപത്യ വിശ്വാസികളായ മറ്റ് കോൺഗ്രസുകാരും മുസ്‍ലിം ലീഗുമെന്നും വ്യക്തമാക്കണം. വേണ്ടി വന്നാൽ താൻ ആർ.എസ്.എസ് ആകും എന്ന് നേരത്തെ പരസ്യപ്പെടുത്തിയ കെ. സുധാകരൻ ഇന്ന് ഒരു പടികൂടി കടന്ന് സർവകലാശാലകളിലെ കാവിവത്കരണത്തെ പിന്തുണച്ചിരിക്കുന്നു.

കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്ക് പിന്തുണ നൽകിയതിലൂടെ എന്താണ് കെ. സുധാകരൻ വ്യക്തമാക്കുന്നത്? ആ നിലപാടാണോ മറ്റ് കോൺഗ്രസുകാർക്കുള്ളത്. കോൺഗ്രസിനൊപ്പമുള്ള ലീഗിന് ഇതിൽ അഭിപ്രായമില്ലേ? -എം.വി. ഗോവിന്ദൻ ചോദിച്ചു.

ആർ.എസ്.എസിന്റെ കൊള്ളാവുന്ന ആളുകളെ നിയമിക്കാമെന്ന നിലപാടാണോ അവർക്കുമുള്ളത്. ഉത്തരേന്ത്യയിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാട് തന്നെയാണ് കോൺഗ്രസ് കേരളത്തിലും പിന്തുടരാൻ ശ്രമിക്കുന്നത്. അത്തരത്തിൽ കേരളത്തെ വർഗീയ ശക്തികൾക്ക് വേരോടാനുള്ള വിളനിലമാക്കി മാറ്റുന്നതിനെതിരെ ജനാധിപത്യവിശ്വാസികളായ കോൺഗ്രസുകാർ മുന്നോട്ടുവരണമെന്നും എം.വി. ഗോവിന്ദൻ ആവശ്യ​പ്പെട്ടു. 

Tags:    
News Summary - MV govindan against k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.