ആലപ്പുഴയിലെ അച്ചടക്ക നടപടിയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയിൽ സ്വീകരിച്ച അച്ചടക്ക നടപടിയിൽ പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അച്ചടക്ക നടപടിയെ കുറിച്ച് ജില്ല സെക്രട്ടറി വിശദീകരിക്കുമെന്ന് എം.വി ഗോവിന്ദൻ പ്രതികരിച്ചു.

ജില്ല കമ്മിറ്റി യോഗത്തിന് ശേഷം നടപടി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജില്ല സെക്രട്ടറി വിശദീകരിക്കും. നിലവിൽ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല. ജില്ല കമ്മിറ്റിയാണ് നടപടിയെ കുറിച്ച് തീരുമാനിക്കേണ്ടതെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴയിലെ വിഭാഗീയത അവസാനിപ്പിക്കാൻ കടുത്ത നടപടിയാണ് സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം. സത്യപാലൻ എന്നിവരടക്കമുള്ള നേതാക്കളെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി.

കൂടാതെ, വിഭാഗീയതയും ചേരിതിരിവും രൂക്ഷമായ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു.

ജില്ലയിലെ വിഭാഗീയത ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത തീരുമാനമെടുത്തത്. ഇന്ന് എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേരുന്ന ജില്ല കമ്മിറ്റി യോഗത്തിൽ കുറ്റാരോപിതരായ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വീകരിച്ച നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ ചേരിതിരിഞ്ഞ് രൂക്ഷമായ വിമർശനമുണ്ടായി. തുടർന്നാണ് നേതാക്കൾ ഉൾപ്പെടെ മുപ്പതിലധികം പേരെ നിലവിലെ പാർട്ടി പദവികളിൽ നിന്ന് ഒരു സ്റ്റെപ് തരംതാഴ്ത്താൻ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നേതാക്കളുടെ പങ്ക് കൃത്യമായി കണ്ടെത്തിയിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോഴത്തെ നടപടി.

Tags:    
News Summary - MV Govindan did not respond to the disciplinary action in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.