തൃശൂർ: സി.പി.എം വീട് നിർമിച്ചുനൽകുന്ന പദ്ധതിയിലേക്ക് അഞ്ച് വീടിനുള്ള തുകയായ 20 ലക്ഷം രൂപ നൽകിയ പൊങ്ങണംകാട്ടെ വറീതിനെയും ഭാര്യ മേരിയെയും മറക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും ജനകീയ പ്രതിരോധ ജാഥ ലീഡറുമായ എം.വി. ഗോവിന്ദൻ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച സ്വീകരണവേദിയിൽ വെച്ചാണ് അഞ്ചുവീടുകൾക്കുള്ള 20ലക്ഷം രൂപ ജാഥാക്യാപ്‌റ്റൻ എം.വി. ഗോവിന്ദന് വറീത് കൈമാറിയത്.
എഫ്‌സിഐ ജീവനക്കാരനായി വിരമിച്ച ഇദ്ദേഹം, ഭാര്യയും റിട്ട. അധ്യാപികയുമായ മേരിയുടെയും മക്കളുടെയും പിന്തുണയോടെയാണ് ജീവിതസമ്പാദ്യത്തിൽ ഒരുഭാഗം പാവങ്ങൾക്ക് വീട് നിർമിക്കാൻ കൈമാറിയത്. അന്തരിച്ച സഹോദരൻ തോമസിന്റെ സ്മരണാർഥം കൂടിയാണ് ഈ സദ്പ്രവൃത്തി. ജാഥയിൽകിട്ടിയ ഷാൾ തിരിച്ചണിയിച്ച് ജാഥാക്യാപ്‌റ്റൻ അദ്ദേഹത്തെ ചേർത്തുപിടിച്ചു. ‘നന്മയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മഹാസന്ദേശം ഉയർത്തിപ്പിടിക്കുന്ന ജാഥയ്‌ക്ക് ലഭിച്ച വലിയ അംഗീകാരമായാണ് ഇതിനെ കാണാനാകുക. സി.പി.എമ്മിനെയും നാടിന്റെ മുന്നോട്ടുപോക്കിനെയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ജനങ്ങളുടെ മറുപടികൂടിയാണ് ഇത്. ഇത്തരം നന്മകളാണ് പാർട്ടിയേയും നാടിനേയും മുന്നോട്ട് നയിക്കുന്നത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു
സി.പി.എമ്മിനെ ജനങ്ങൾ എത്രമേൽ സ്‌നേഹിക്കുന്നു, വിശ്വസിക്കുന്നു, പ്രതീക്ഷയർപ്പിക്കുന്നു എന്നതിന്റെ സൂചകങ്ങളായിരുന്നു തൃശൂർ ജില്ലയിലെ ജനകീയ പ്രതിരോധജാഥയുടെ പര്യടനമെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ‘ജാഥാ ഡയറി’യിൽ ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.