കണ്ണൂര്‍: പാർട്ടിയുടെ സൈദ്ധാന്തിക മുഖം. അധ്യാപകെൻറ കാർക്കശ്യം. അണികൾക്കിടയിലെ സൗമ്യ സാന്നിധ്യം. സി.പി.എം കേന്ദ്ര കമ്മിറ്റിയിെല പുതുമുഖം എം.വി. ഗോവിന്ദനെ ഇങ്ങനെ വിശേഷിപ്പിക്കാം. പാർട്ടി പത്രം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായ എം.വി. ഗോവിന്ദൻ അറിയപ്പെടുന്ന വാഗ്മിയാണ്. ഒൗപചാരിക വിദ്യാഭ്യാസം പത്താം തരം മാത്രം. എന്നാൽ, പരന്ന വായനാശീലം കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തികനായി വളർത്തി.
കായികാധ്യാപക പരിശീലനത്തിനുശേഷം ഇരിങ്ങല്‍ യു.പി സ്കൂളില്‍ കായികാധ്യാപകനായിരുന്നു ഗോവിന്ദന്. കുട്ടികളെ ശാരീരികക്ഷമത പരിശീലിപ്പിക്കാനുള്ള ജോലി വിട്ട് പാർട്ടിക്കാരെ കമ്യൂണിസം പഠിപ്പിക്കാനുള്ള നിയോഗം ഗോവിന്ദൻ സ്വയം ഏറ്റെടുത്തതാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായതോടെ ’92ൽ കായികാധ്യാപക ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. ഡി.വൈ.എഫ്.െഎയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫിലൂടെയാണ് തുടക്കം. കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ല പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.െഎ രൂപവത്കരണത്തിനു മുന്നോടിയായി രൂപവത്കരിക്കപ്പെട്ട അഖിലേന്ത്യ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു.
ഡി.വൈ.എഫ്.െഎയുടെ പ്രഥമ സംസ്ഥാന പ്രസിഡൻറായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ല്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായി. വിഭാഗീയതയെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ എറണാകുളം ജില്ല സെക്രട്ടറി സ്ഥാനവും വഹിച്ചു. 2006ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പുവിെൻറയും എം.വി. മാധവിയുടെയും മകനാണ്. പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കള്‍.
അംഗബലം കൂട്ടി ‘കണ്ണൂർ ലോബി’
കണ്ണൂർ: സി.പി.എമ്മിെൻറ പരമോന്നത നയരൂപവത്കരണ കമ്മിറ്റിയിൽ ‘കണ്ണൂർ ലോബി’യുടെ അംഗബലം കൂടി. കേരള ഘടകത്തെ വരുതിയിലാക്കിയ കണ്ണൂർ സഖാക്കൾ കേന്ദ്രത്തിലും കരുത്തുകാട്ടുന്നതാണ് ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കണ്ടത്.
കേന്ദ്ര കമ്മിറ്റിയിലേക്ക് പുതുതായി എടുത്ത 19 പേരിൽ രണ്ടുപേർ കണ്ണൂരുകാരാണ്. എം.വി. ഗോവിന്ദനും വിജുകൃഷ്ണനും. ഇതോടെ 95 അംഗ കേന്ദ്ര കമ്മിറ്റിയിൽ കണ്ണൂരുകാരായ േനതാക്കളുടെ എണ്ണം രണ്ടു പി.ബി അംഗങ്ങൾ ഉൾപ്പെടെ എട്ടായി ഉയർന്നു. ഒരുപക്ഷേ, കേന്ദ്ര കമ്മിറ്റിയിൽ കണ്ണൂരിന് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്. അംഗസംഖ്യയുടെ എണ്ണത്തിൽ പാർട്ടിയുടെ ഏറ്റവും ശക്തമായ ജില്ലാ കമ്മിറ്റിയുമാണ് കണ്ണൂർ.
പി.ബി അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം എ.കെ. പത്മനാഭൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ കണ്ണൂരുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.