സി.പി.എമ്മിന്‍റെ അടിത്തറക്ക് ഒരു ഇളക്കവുമില്ല, വോട്ടുചെയ്യുമ്പോൾ ജനങ്ങളെ സ്വാധീനിച്ച കാര്യങ്ങൾ എന്താണെന്ന് പരിശോധിക്കും -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ അടിത്തറക്ക് ഒരു ഇളക്കവും സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തോൽവി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. വോട്ടുചെയ്യുമ്പോൾ ജനങ്ങളെ സ്വാധീനിച്ച കാര്യങ്ങൾ എന്താണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയുമെല്ലാം മുഖവിലക്കെടുത്തുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ ട്രെൻഡാണ് ഈ പ്രാവശ്യവും ഉണ്ടായതെന്നാണ് പൊതുചിത്രം. ഇവിടെ ആർക്ക് വോട്ട് ചെയ്താലും അഖിലേന്ത്യാ തലത്തിൽ ഒന്നിച്ചാണുണ്ടാവുക എന്നൊരു ധാരണ ജനങ്ങൾക്കുണ്ടായിരുന്നു. അതൊക്കെ ബാധിച്ചിട്ടുണ്ട്.

തോൽവി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ബി.ജെ.പി വോട്ടിൽ വലിയ ശതമാനം വർധനവൊന്നും ഉണ്ടായിട്ടില്ല. ചില മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നിൽ വന്നിട്ടുണ്ട്. അക്കാര്യം പരിശോധിക്കും.

വടകരയിൽ വർഗീയതയും അശ്ലീലവും ഉപയോഗിച്ചിട്ടുണ്ട്. അത് ജനങ്ങൾ പൂർണമായും തിരിച്ചറിഞ്ഞിട്ടില്ല. മതസൗഹാർദം നിലനിർത്താനാവശ്യമായ സജീവ ഇടപെടലുകളാണ് പാർട്ടി അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

പരാജയവും വിജയവും തെരഞ്ഞെടുപ്പിൽ സാധാരണമാണ്. ബി.ജെ.പിക്കെതിരെയുള്ള ജനവിധിയാണ് രാജ്യത്ത് ഉണ്ടായത്. ബി.ജെ.പിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞു. ഇൻഡ്യ മുന്നണിക്ക് മികച്ച വിജയമുണ്ടാക്കാൻ സാധിച്ചു. കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചതാണ് തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് കാരണം. എൽ.ഡി.എഫ് വോട്ടുകൾ തൃശൂരിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - MV Govindan responds to media lok sabha elections 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.