കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ചും പി. സരിന്‍റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ചും സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ലേഖനം. കെ. മുരളീധരൻ നിയമസഭയിലെത്തുന്നത് വി.ഡി സതീശൻ ഭയപ്പെടുന്നുവെന്ന് 'യു.ഡി.എഫ്–ബി.ജെ.പി ഡീൽ പൊളിയും' എന്ന തലക്കെട്ടിൽ എഴുതി ലേഖനത്തിൽ എം.വി ഗോവിന്ദൻ പറയുന്നു.
കെ. സുധാകരനെ പാർലമെന്‍റിലേക്ക് അയച്ച് നിയമസഭയിൽ നമ്പർ വൺ താൻ തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ഘട്ടത്തിലാണ് കെ. മുരളീധരനെ പാലക്കാട്ട് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ടായത്. മുരളീധരൻ പാലക്കാട് മത്സരിക്കുന്നത് തടയാനാണ് ധൃതിപ്പെട്ട് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെ രാഹുലിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
മുരളീധരൻ വന്നാൽ സഭയിൽ തന്‍റെ അപ്രമാദിത്വം ഇല്ലാതാകുമെന്ന് സതീശൻ ഭയക്കുന്നു. കൂടാതെ, മുരളി വന്നാൽ ബി.ജെ.പിയുമായുള്ള ഡീൽ പാലിക്കാനാകുമെന്നതിന് ഉറപ്പുമില്ലെന്നും എം.വി ഗോവിന്ദൻ പറയുന്നു.
കോൺഗ്രസിലെ പ്രതിസന്ധി മുതലെടുത്ത അടവുനയമാണ് പി. സരിന്‍റെ സ്ഥാനാർഥിത്വം. കോൺഗ്രസിലെ പ്രതിസന്ധിയെ സമർഥമായി ഉപയോഗിക്കുകയെന്ന അടവുനയമാണ് എൽ.ഡി.എഫ് പാലക്കാട്ട് സ്വീകരിച്ചത്.
അതിനെ പാർട്ടി അണികളും ബന്ധുക്കളും ഘടകകക്ഷികളും അഭിപ്രായ വ്യത്യാസമേതുമില്ലാതെ സ്വീകരിക്കുകയും ചെയ്തു. സ്വാഭാവികമായും പാലക്കാട്ട് വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും എം.വി ഗോവിന്ദന്‍ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.