തന്തക്ക് പറയുമ്പോൾ അതിനപ്പുറം പറയണം; സതീശൻ പറഞ്ഞാൽ മതി, ഞാൻ പറയുന്നില്ല -എം.വി. ഗോവിന്ദൻ

പാലക്കാട്: തന്തക്ക് പറയുമ്പോൾ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടതെന്നും എന്നാൽ താൻ അത് പറയുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനുള്ള മറുപടി വി.ഡി.സതീശൻ പറഞ്ഞാൽ മതി. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്ന അഞ്ചോ ആറോ പേരുണ്ട്. മുരളീധരൻ അസംബ്ലിയിൽ വരുന്നത് ഇഷ്ടമല്ലാത്തതിനാൽ വി.ഡി. സതീശൻ സ്ഥാനാർഥിത്വം തള്ളി. സുരേഷ് ഗോപി തന്തക്ക് പറഞ്ഞതിന് മറുപടിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

"കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്ന അഞ്ചോ ആറോ പേരുണ്ട്. അതിൽ ഒരാളാണ് മുരളീധരൻ. അങ്ങനെയുള്ളപ്പോൾ മുരളീധരൻ അസംബ്ലിയിൽ വരുന്നത് സതീശന് ഇഷ്ടപ്പെടില്ല. അതിനാലാണ് കൃത്യമായ രീതിയിൽ യോഗം പോലും ചേരാതെ രാഹുലിനെ പാലക്കാട്ടെ സ്ഥാനാർഥിയാക്കിയത്. പാലക്കാട്ടെ ഡി.സി.സി ഏകകണ്ഠമായി മുരളീധരൻറെ പേര് നിർദേശിച്ചിട്ടും വി.ഡി സതീശൻ തള്ളിക്കളഞ്ഞു.

തൃശൂർ പൂരം കലക്കിയതുപോലെ കല്പാത്തി രഥോത്സവം കലക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല. ഇ. ശ്രീധരന് കിട്ടിയ വോട്ട് ഇത്തവണ ബി.ജെ.പിക്ക് കിട്ടില്ല. അവർ മൂന്നാമതാകും. അതിൽ സംശയം വേണ്ട. എൽ.ഡി.എഫും കോൺ​ഗ്രസും തമ്മിലാണ് മത്സരം. എന്നാൽ കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിനും കിട്ടില്ല. സരിൻ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വിജയിക്കുമെന്നതിൽ തർക്കമില്ല.

സുരേഷ് ഗോപി തന്തക്ക് പറഞ്ഞതിന് മറുപടിയില്ല. തന്തക്ക് പറഞ്ഞാൽ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടത്. അത് സതീശൻ പറഞ്ഞാമതി. ഞാൻ പറയുന്നില്ല" -എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബി.ജെ.പി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മന്ത്രി സിനിമാ ഡയലോഗ് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. പൂരംകലക്കലിൽ സി.ബി.ഐ അന്വേഷണം വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു.

സിനിമയിൽ സി.ബി.ഐയുടേത് തരക്കേടില്ലാത്ത പ്രവർത്തനമാണ്. എന്നാൽ യഥാർഥത്തിൽ കേന്ദ്ര ഏജൻസികളുടെ അവസ്ഥ എന്താണെന്ന് നമ്മൾ കാണുന്നുണ്ട്. പരമോന്നത നീതിപീഠം തന്നെ കൂട്ടിലിട്ട തത്തയെന്നാണ് സി.ബി.ഐയെ വിശേഷിപ്പിച്ചത്. കേന്ദ്രം ആഗ്രഹിക്കുന്നതു പോലെ തുള്ളുകയാണവർ. കോൺഗ്രസ് ദേശീയ തലത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തിലെത്തുമ്പോൾ സുരേഷ് ഗോപിക്കൊപ്പമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Tags:    
News Summary - MV Govindan slams VD Satheesan in Palakkad Byelection Candidature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.