"കാഫിര്‍ വിവാദം സി.പി.എമ്മിന്റെ സമനില തെറ്റിച്ചു"; എം.വി ഗോവിന്ദന്റെ ന്യായീകരണം മുഖം കൂടുതല്‍ വികൃതമാക്കിയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്തം യു.ഡി.എഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സി.പി.എമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

കാഫിര്‍ വിവാദം സി.പി.എമ്മിന്റെ സമനില തെറ്റിച്ചു. പൊലീസിനെ ഉപയോഗിച്ച് എത്ര തമസ്‌കരിച്ചാലും ഈ പോസ്റ്റിനു പിന്നിലുള്ളത് സി.പി.എം ആണെന്ന് മാലോകര്‍ക്ക് അറിയാമെന്നിരിക്കെ അതില്‍നിന്ന് തടിയൂരാനുള്ള ഓരോ ന്യായീകരണവും സിപിഎമ്മിന്റെ അടിവേരാണ് ഇളക്കുന്നത്.

കാഫിര്‍ വിവാദം സി.പി.എമ്മില്‍ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാര്‍ട്ടി സെക്രട്ടറി കണ്ണുതുറന്നു കാണണം. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പൊതുസമൂഹത്തിലും കാഫിര്‍ വിവാദം പാര്‍ട്ടിയെ വന്‍പ്രതിരോധത്തിലാക്കിയത് സി.പി.എം തിരിച്ചറിയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

സത്യത്തെ വക്രീകരിക്കാനുള്ള സി.പി.എമ്മിന്റെ അസാമാന്യമായ തൊലിക്കട്ടിയാണ് ആവര്‍ത്തിച്ച് വ്യക്തമാകുന്നത്. മാഷാ അള്ളാ ഉള്‍പ്പെടെ തെറ്റില്‍നിന്ന് കൂടുതല്‍ തെറ്റിലേക്കാണ് സി.പി.എം വഴുതിവീഴുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റുന്ന വര്‍ഗീയ കാര്‍ഡ് ഇക്കുറി കൈയോടെ പിടിക്കപ്പെട്ടു. ഇതിനെല്ലാം കുടപിടിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരന്‍ പറഞ്ഞു.

കാഫിര്‍ പോസ്റ്റ് വിവാദത്തിലെ സത്യാന്വേഷണവുമായി യു.ഡി.എഫ് പ്രക്ഷോഭവും പ്രചാരണവുമായി മുന്നോട്ടുപോകും. 19-ാം തീയതി വടകര റൂറല്‍ എസ്.പി ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ച് സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കാനാണ്. തെറ്റു ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ തുടര്‍ പ്രക്ഷോഭ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സുധാകരന്‍ അറിയിച്ചു

News Summary - MV Govindan's justification has made the face of CPM more distorted - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.