കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഫറോക്ക് സബ് ആർ.ടി.ഒ ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ജലീലിനെ റിമാൻഡ് ചെയ്തു. വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അബ്ദുൽ ജലീലിനെതിരെ പരാതികൾ ഏറെയുള്ളതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആവശ്യങ്ങൾക്ക് എത്തുന്നവരെ വിവിധ കാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിച്ചതു സംബന്ധിച്ച് വിജിലൻസിൽ പരാതി ലഭിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹന ഫിറ്റ്നസ് സംബന്ധിച്ച് കഴിഞ്ഞ മാസവും പരാതി ലഭിച്ചതിനാൽ വിജിലൻസ് നിരീക്ഷണത്തിലായിരുന്നുവത്രെ. ഫറോക്ക് സബ് ആർ.ടി.ഒയുടെ കീഴിലുള്ള ഒരു വാഹന പുക പരിശോധന കേന്ദ്രത്തിന്റെ ലോഗിൻ ഐ.ഡി ബ്ലോക്ക് ചെയ്തത് നീക്കംചെയ്യാൻ വേണ്ടിയാണ് എം.വി.ഐ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാരൻ അറിയിച്ചത്.
ഞായറാഴ്ച അവധി ദിവസമായതിനാൽ വീട്ടിലെത്തി കൈക്കൂലി നൽകാൻ ജലീൽ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു.
തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ ജലീലിന്റെ അഴിഞ്ഞിലത്തെ വീട്ടിൽ ഫിനോഫ്തെലിൻ പുരട്ടിയ പണം എത്തിച്ചുനൽകി. പിന്നാലെ മഫ്തിയിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ജലീലിനെ കൈയോടെ പിടികൂടുകയായിരുന്നു. എന്നാൽ, വാഹന പുക പരിശോധന കേന്ദ്രത്തിനെതിരെ അസോസിയേഷൻ തന്നെ പരാതി നൽകിയിരുന്നു.
ഇതന്വേഷിക്കാൻ എം.വി.ഐ അബ്ദുൽ ജലീലിനെയാണ് ജോയന്റ് ആർ.ടി.ഒ ചുമതലപ്പെടുത്തിയത്. ഇതന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്ഥാപന ഉടമയുമായി മുൻപരിചയമുള്ളതായും തന്നെ ചതിക്കുകയായിരുന്നുവെന്നും ജയിലിൽ കാണാനെത്തിയ സഹപ്രവർത്തകരോട് അബ്ദുൽ ജലീൽ പറഞ്ഞതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.