വർഗീയതയോടു സന്ധിയില്ലാത്ത സമരമാണ് എന്‍റെ രാഷ്ട്രീയം- വി.ഡി. സതീശൻ

കൊച്ചി: ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്‍റെ പ്രഥമ പരിഗണനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നും പറഞ്ഞിട്ടുള്ളത് പോലെ വർഗീയതയോടു സന്ധിയില്ലാത്ത സമരമായിരിക്കും തന്‍റെ രാഷ്ട്രീയം. ക്രിയാത്മക പ്രതിപക്ഷമായി സഭക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കും. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു കൊടുങ്കാറ്റ് പോലെ യു.ഡി.എഫ് തിരിച്ചുവരുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ വി.ഡി സതീശന്‍ കെ.പി.സി.സി പ്രസിഡന്റിനെ സന്ദര്‍ശിച്ചു. വി.എം സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്‍റെ പൂർണരൂപം:

പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. എന്നെ ഇതിനായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാന്റിനോടും കേരളത്തിലെ മുതിർന്ന നേതാക്കന്മാരോടുമുള്ള നന്ദി ഞാൻ അറിയിക്കട്ടെ. പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്. കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഞാൻ എന്നും പറഞ്ഞിട്ടുള്ളത് പോലെ വർഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയെയും ഒരു പോലെ എതിർത്തു തോൽപ്പിക്കുന്ന പോരാട്ടം ആവണം നമ്മൾ നടത്തേണ്ടത്. ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും നമ്മൾ മുന്നോട്ടു കൊണ്ടുപോവുക. ഓരോ യു ഡി എഫ് പ്രവർത്തകനും ഈ പോരാട്ടത്തിന് തയ്യാറെടുക്കണം. ഒരു സംശയവും വേണ്ട നമ്മൾ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും!!

എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു.

Full View

Tags:    
News Summary - My politics is an uncompromising struggle against communalism - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.