തൃശൂർ: ''ഇന്ന് ചേച്ചിക്ക് 32 വയസ്സ്. വീട്ടിലെ ഷെൽഫിൽ അവൾ നേടിയെടുത്ത മെഡൽ ഇരിപ്പുണ്ട്. 2013ൽ ആസ്ട്രേലിയയിൽ നടന്ന സ്പെഷൽ ഒളിമ്പിക്സിൽ 'ബോച്ചേ' കായിക ഇനത്തിൽ ഇന്ത്യക്കുവേണ്ടി നേടിയ മെഡൽ. ഒരുകാലത്ത് ചേച്ചിയെക്കുറിച്ച് പറയാൻ മടിയായിരുന്നു എനിക്ക്. ഇന്ന് ഒരുമടിയുമില്ല. അവൾ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. എെൻറ ചേച്ചിയാണ്. ഏറെ ഉയരെയാണ്...'' ചേച്ചി സോഫിയെക്കുറിച്ച് അനിയൻ എബി ഫേസ്ബുക്കിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണിത്. ഒളിമ്പിക്സിന് പിന്നാലെ പാരാ ഒളിമ്പിക്സിലെ സുവർണ നേട്ടങ്ങൾ ആഘോഷിക്കുന്ന കാലത്ത് ഭിന്നശേഷിയുള്ളവരുടെ ഒളിമ്പിക്സിൽ മെഡൽ സ്വന്തമാക്കിയിട്ടും അറിയപ്പെടാത്ത ഒരുപാട് പേരുണ്ട്. അതിലൊരാളാണ് തൃശൂർ മുക്കാട്ടുകര കരേരക്കാട്ടിൽ സോഫി സെബാസ്റ്റ്യൻ.
16 വർഷമായി മണ്ണുത്തി സ്നേഹദീപ്തി സ്പെഷൽ സ്കൂളിലും പിന്നീട് തൊഴിൽ പരിശീലന വിഭാഗത്തിലുമായി തുടരുകയാണ് സോഫി. ആറാംക്ലാസുവരെ മറ്റ് കുട്ടികൾക്കൊപ്പം പൊതുസ്കൂളിലായിരുന്നു അവർ. പിന്നീട് പഠനത്തിൽ പിന്നോട്ടുപോകുന്ന കാരണം തിരക്കിയപ്പോഴാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് മനസ്സിലായതെന്ന് മാതാവ് ടെസ്സി പറയുന്നു. തുടർന്നാണ് സ്നേഹദീപ്തിയിലെത്തിയത്. അവിടെ വെച്ചാണ് പന്തുകൾ കൊണ്ടുള്ള കളിയായ 'ബോേച്ച' അഭ്യസിച്ചത്. 2013ലാണ് ഔദ്യോഗിക മത്സരങ്ങൾ പൂർത്തിയാക്കി മണ്ണുത്തി സ്നേഹ ദീപ്തിയിലെ മൂന്നംഗ സംഘം ആസ്േട്രലിയയിൽ നടന്ന സ്പെഷൽ ഒളിമ്പിക്സിലേക്ക് പുറപ്പെട്ടത്. സോഫിക്ക് പുറമെ ആയില്യ, മനുമോൾ എന്നിവരായിരുന്നു പ്രിൻസിപ്പൽ പുഷ്പയോടൊപ്പം ആസ്േട്രലിയയിലെത്തിയത്. നന്നായി മത്സരിച്ച് മൂവരും മെഡൽ കരസ്ഥമാക്കുകയും ചെയ്തു. വ്യക്തിഗത നേട്ടമായി സോഫി വെള്ളി മെഡലും നേടി.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയിൽനിന്ന് 40,000 രൂപ പ്രോത്സാഹനമായി ലഭിച്ചു എന്നതൊഴിച്ചാൽ നേട്ടത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടിയില്ല. ആഘോഷവും ഉണ്ടായിരുന്നില്ല. വർഷങ്ങൾ കഴിയവേ സോഫി ഇപ്പോൾ സ്കൂളിലേക്കെത്തുന്ന കുഞ്ഞുങ്ങളുടെ ആയയും അമ്മയും ടീച്ചറും എല്ലാമാണ്. അത്ര അടുപ്പമാണ് സ്കൂളുമായി. ഇതിനിടെ പിതാവ് സെബാസ്റ്റ്യൻ മരിച്ചത് കുടുംബത്തിന് തിരിച്ചടിയായി.
കോവിഡ് മഹാമാരി വന്നതോടെ രണ്ടുവർഷമായി സ്കൂൾ വിട്ട് മാതാവ് ടെസ്സിക്കൊപ്പം മുക്കാട്ടുകരയിലെ വീട്ടിലാണ്. സഹോദരൻ എബി ഡൽഹിയിൽ ഫിസിക്കൽ ട്രെയിനറാണ്. പാരലിംപിക്സ് മാധ്യമ ശ്രദ്ധ നേടുകയും സ്പെഷൽ ഒളിമ്പിക്സിലെ മെഡൽക്കൊയ്ത്തുകാർ വിസ്മരിക്കപ്പെടുന്ന സാഹചര്യത്തിലുമാണ് ചേച്ചിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയതെന്ന് എബി 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് കുറയുന്നതും കാത്ത് സോഫി ഇപ്പോഴും വീട്ടിലിരിപ്പാണ്; സ്കൂളിലേക്ക് തിരിച്ചുപോയി കുഞ്ഞനിയന്മാരെ എന്ന് കാണാനാകും എന്ന പ്രതീക്ഷയോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.