കണ്ണൂർ: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി രതീഷിെൻറ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേരത്തേ നടന്ന ദുരൂഹ മരണങ്ങളും ചർച്ചയിലേക്ക്. പ്രമാദമായ കൊലക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ചോദ്യം ചെയ്യപ്പെട്ടവരും പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവങ്ങൾ കണ്ണൂരിൽ മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ബി.ജെ.പി നേതാവ് കെ.ടി. ജയകൃഷ്ണൻ, മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ തലശ്ശേരിയിലെ ഫസൽ എന്നീ വധക്കേസുകളുമായി ബന്ധപ്പെട്ട നാല് സി.പി.എമ്മുകാരാണ് കേസന്വേഷണത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കെ.ടി. ജയകൃഷ്ണൻ വധക്കേസിലെ പ്രതി കാരായി സജീവനെ മാഹിയിലെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2003ലാണ് സംഭവം. കേസിൽ ചില സത്യങ്ങൾ തുറന്നു പറയാനുണ്ടെന്നു പറഞ്ഞതിന് പിന്നാലെയാണ് ദുരൂഹമരണമെന്ന വാദവുമായി കുടുംബാംഗങ്ങൾ അന്ന് രംഗത്ത് വന്നിരുന്നു. എന്നാൽ, കേസിൽ കാര്യമായ അന്വേഷണം നടന്നില്ല.
ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായ രണ്ടു പേരാണ് 2007ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ന്യൂ മാഹിയിലെ പഞ്ചാര ഷിനിലും മൂഴിക്കര കുട്ടനും. ഷിനിലിനെ എടന്നൂരിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂരില്‍ കോളാരിയിൽ സി.പി.എം ഓഫിസിനോടനുബന്ധിച്ചുള്ള ഷെഡിൽ ബോംബ് സ്ഫോടനത്തില്‍ മൂഴിക്കര കുട്ടനും കൊല്ലപ്പെട്ടു.
മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതി ആശുപത്രിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മൊറാഴ സ്വദേശി സരീഷ് ആണ് കണ്ണൂർ കൊയിലി ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശി എം.എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വയലിൽ രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയിൽ ഈ കേസ് വലിയതോതിൽ പൊതുജനശ്രദ്ധ നേടിയിരുന്നു.
പ്രമാദമായ കേസുമായി ബന്ധപ്പെട്ടവരുടെ ദുരൂഹമരണം അതത് ഘട്ടങ്ങളിൽ ചർച്ച ആയെങ്കിലും അസ്വാഭാവിക മരണം എന്ന നിലയിൽ എഴുതിത്തള്ളി. മരണത്തിൽ ദുരൂഹത ആരോപിച്ച് പാർട്ടികളോ ബന്ധുക്കളോ രംഗത്തു വന്നതുമില്ല. അതുകൊണ്ടുതന്നെ ഓരോ ദുരൂഹമരണവും ചുരുങ്ങിയ കാലംകൊണ്ടുതന്നെ വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.