സിദ്ധാർത്ഥ്

വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ ദുരൂഹ മരണം; ആറ് പേർ കസ്റ്റഡിയിൽ

കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബി.​വി.​എ​സ്.​സി വി​ദ്യാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ​ന്‍റെ ദുരൂഹ മരണത്തിൽ ആറ് പേർ കസ്റ്റഡിയിൽ. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ കേസിലെ 12 പ്രതികൾ ഒളിവിൽ തുടരുകയാണ്.

പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്‍റും അടക്കമുള്ള പ്രതികളെ പൊലീസും കോളജ് അധികൃതരും സംരക്ഷിക്കുകയാണെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം പുകയുന്നത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാരോപിച്ച് സിദ്ധാർഥന്‍റെ മാതാപിതാക്കളും രംഗത്തുവന്നു.

മൃതദേഹത്തിൽ മർദനമേറ്റതിന്‍റെ നിരവധി പാടുകളുമുണ്ടായിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുൾപ്പെടെ ഒളിവിൽ പോയ 12 പ്രതികളെ 10 ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ സാഹചര്യത്തിലാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. 24നു വൈകിട്ട് വരെ പ്രതികളിൽ ഭൂരിഭാഗവും ക്യാംപസിലുണ്ടായിരുന്നെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു. 

Tags:    
News Summary - Mysterious death of veterinary university student; Six people are in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.