കൊച്ചി: രാജ്യത്താദ്യമായി ഒരു സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിലെ പാനൽ നയിക്കാനൊരുങ്ങി ട്രാൻസ് വനിത. കാലടി സംസ്കൃത സർവകലാശാലയിലെ എ.ഐ.എസ്.എഫ് പാനലിൽ ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന നാദിറ മെഹറിനാണ് ചരിത്രം സൃഷ്ടിക്കുന്നത്.
എ.ഐ.എസ്.എഫ് സംസ്ഥാന സമിതി അംഗവും വനിത വിങ്ങായ അക്ഷിതയുടെ സംസ്ഥാന ജോയന്റ് കൺവീനറുമായ നാദിറ സംസ്കൃത സർവകലാശാലയിൽ എം.എ തിയറ്റർ വിദ്യാർഥിനിയാണ്. ആക്ടിവിസ്റ്റ്, മോഡൽ, അഭിനേത്രി തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയയായ നാദിറ അടുത്തിടെ പ്രമുഖ വാർത്തചാനലിൽ വാർത്ത അവതാരകയുമായി.
കഴിഞ്ഞ ദിവസം യൂനിയൻ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ നാദിറ മെഹ്റിനും യൂനിറ്റ് സെക്രട്ടറി റിൻഷാദും ചേർന്ന് റിട്ടേണിങ് ഓഫിസർക്ക് സമർപ്പിച്ചു. നാദിറ നയിക്കട്ടെ എന്ന മുദ്രാവാക്യവുമായാണ് എ.ഐ.എസ്.എഫ് യൂനിറ്റ് പ്രചാരണ രംഗത്തിറങ്ങുന്നത്. യൂനിറ്റിന് അഭിനന്ദനമർപ്പിച്ച് ജെ.എൻ.യുവിലെ എ.ഐ.എസ്.എഫ് യൂനിറ്റും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് എല്ലാ വിജയങ്ങളും വിപ്ലവാഭിവാദ്യങ്ങളും ജെ.എൻ.യു യൂനിറ്റ് ആശംസിച്ചു.
സ്ത്രീ, പുരുഷൻ എന്നതുപോലെതന്നെ ട്രാൻസ് വിഭാഗത്തിന്റെയും പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിജയ പ്രതീക്ഷ ഏറെയാണെന്നും നാദിറ പറഞ്ഞു. ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സംസ്കൃത സർവകലാശാല കാമ്പസിൽ മാർച്ച് നാലിനാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.