'പുകയരുത്, അവസാനം വരെയും കത്തിജ്വലിക്കണം' -അതിജീവനത്തിന്‍റെ സന്ദേശം ജീവിതത്തിലുടെ മലയാളികൾക്ക് പകർന്നുനൽകിയ നന്ദു മഹാദേവ എന്നും പറഞ്ഞിരുന്ന വാക്കുകൾ. അവസാന നിമിഷം വരെയും അത് പാലിച്ച ശേഷമായിരുന്നു നന്ദുവിന്‍റെ മടക്കവും. കൊണ്ടുപോകാൻ പലവട്ടം അരികിലെത്തിയ മരണത്തെ 'ജീവിതം പൊരുതാനുള്ളതാണ്' എന്ന് പറഞ്ഞ് മടക്കി അയച്ചിരുന്ന നന്ദു ഇത്തവണ പക്ഷേ, ഒപ്പം പോയി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 27ാം വയസ്സിൽ ആ ഹൃദയമിടിപ്പ് നിലച്ചപ്പോൾ ആദ്യമായി (അവസാനമായും) നന്ദുവിനെ തോൽപ്പിക്കാൻ അർബുദത്തിനായി.
അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയായിരുന്നു നന്ദുവിന്‍റെ ജീവിതം. കാൻസറിനോടു പൊരുതാനാകാതിരുന്ന കുറേ ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും പോരാടുന്നവർക്ക് അതിനുള്ള ഊർജം പകരാനും നന്ദുവിന്‍റെ സാന്ത്വന സ്പർശമുള്ള വാക്കുകൾക്ക് കഴിഞ്ഞിരുന്നു. സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും നനുത്ത വാക്കുകളാൽ നന്ദു ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് നിരവധി പേരെയാണ്. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാൻസർ കാർന്നു തിന്നുമ്പോഴും നന്ദു ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. തങ്ങൾക്ക് പുതുജീവൻ പകർന്നു നൽകുന്ന നന്ദുവിന്‍റെ വാക്കുകളിലെ പോസിറ്റിവിറ്റി തേടി കാത്തിരുന്നവർ എത്രയെത്രയോ.
2017ൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദുവിന്‍റെ ഇടത്തേ കാൽമുട്ടിന്‍റെ മടക്കിൽ ശക്തമായ വേദനയുണ്ടാകുന്നത്. ഇടക്കിടെ അതേ സ്ഥലത്ത് വേദന വരുന്നതിനാൽ ഡോക്ടറെ കാണിച്ചെങ്കിലും സാധാരണ നീർക്കെട്ട് ആയിരുന്നെന്നാണ് പറഞ്ഞത്. അന്ന് ഡോക്ടർ കൊടുത്ത മരുന്ന് കഴിച്ചപ്പോൾ താത്കാലിക ആശ്വാസമുണ്ടായെങ്കിലും മാസങ്ങൾക്ക് ശേഷം ആ വേദന പൂർവ്വാധികം ശക്തിയിൽ തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കാൻസറാണെന്ന് തിരിച്ചറിയുന്നത്. വീട്ടുകാരെല്ലാം കരഞ്ഞപ്പോഴും കാൻസറിനെ (നന്ദുവിന്‍റെ ഭാഷയിൽ പറഞ്ഞാൽ 'എന്നെ പ്രണയിക്കാനെത്തിയ വി.ഐ.പി കാമുകി') അവൻ ചിരിയോടെ സ്വീകരിച്ചു.
അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ആ ചിരി നന്ദു മാറ്റിയില്ല. ശരീരത്തിന്‍റെ പല അവയവങ്ങളിലേക്ക് കാൻസർ പടർന്നപ്പോഴും ഇനി മരുന്നുകൾ ഒന്നും തന്നെയില്ല എന്ന ഡോക്ടർമാർ പറഞ്ഞപ്പോഴും ചിരി തന്നെയായിരുന്നു അവന്‍റെ മരുന്ന്. 2018 മേയ് ഒന്നിന് അർബുദം ബാധിച്ച കാൽ മുറിച്ചുമാറ്റിയപ്പോൾ സങ്കടപ്പെട്ടവരോട് 'എനിക്ക് ഈ ലോകം കാണാൻ കാല് വേണ്ട ജീവൻ മതി' എന്നായിരുന്നു നന്ദുവിന്‍റെ മറുപടി. ഇന്ന് വീണ്ടുമൊരു മേയിൽ നിത്യതയുടെ ലോകത്തേക്ക് അവൻ യാത്രയുമായി...
കാൻസർ ബാധിച്ചവരോട് മറ്റുള്ളവർ കാട്ടുന്ന സഹതാപമാണ് അവരെ മാനസികമായി തളർത്തുന്നതെന്നും അതിവേഗ മരണത്തിലേക്ക് നയിക്കുന്നതെന്നും നന്ദു എപ്പോളും പറയുമായിരുന്നു. അസുഖം ബാധിച്ച കുട്ടികളിൽ ബഹുഭൂരിഭാഗവും രക്ഷപ്പെടുന്നതിന് കാരണം അവർക്ക് ഇത് എന്താണെന്നോ അതിന്‍റെ ടെൻഷനോ അറിയില്ലാത്തത് കൊണ്ടാണെന്നും ഇതിന് ഉദാഹരണമായി നന്ദു ചൂണ്ടിക്കാട്ടിയിരുന്നു.
അവസാന ദിവസങ്ങളില്‍ അർബുദം നന്ദുവിന്‍റെ ശ്വാസകോശത്തെയും പിടിമുറുക്കി. ഏറ്റവും അവസാനം കാൻസറിന്‍റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഡോക്ടർമാർ വരെ ഞെട്ടിയെന്ന് നന്ദു ഫേസ്ബുക്കിൽ കുറിച്ചു. കാരണം, ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് കാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ റജിസ്റ്റർ ചെയ്യപ്പെടുന്നതത്രേ. നിലവിൽ ഇതിന് മരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും നന്ദു ഫേസ്ബുക്കിൽ കുറിച്ചത് ഇതാണ്-
'ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്‍റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ...ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും.'. അതെ നന്ദു, കാൻസറിനെ ആത്മവിശ്വാസം കൊണ്ട് പ്രതിരോധിച്ച് നിനക്ക് പിന്നിൽ അണിനിരത്തിയ ആയിരങ്ങളുടെ അതിജീവനത്തിലൂടെ കനലുകൾ ചവിട്ടുമെതിച്ചു നീ വരിക തന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.