കേരളം മാറിച്ചിന്തിക്കണം; ഇവിടെ പോരടിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ഡൽഹിയിൽ ബന്ധുക്കൾ -നരേന്ദ്രമോദി

പത്തനംതിട്ട: പത്തനംതിട്ടയിലെ ലോക്സഭ പര്യടനത്തിനിടെ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്.

കേരളത്തിൽ അഴിമതി സർക്കാരാണുള്ളത്. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം പോരടിക്കുകയാണ്. എന്നാൽ ശത്രുക്കളായവർ ഡൽഹിയിൽ ബന്ധുക്കളാണെന്നും മോദി പറഞ്ഞു. ഒരു തവണ കോൺഗ്രസ്, ഒരു തവണ എൻ.ഡി.എഫ് എന്ന ചക്രം പൊളിക്കണം. ഈ ചക്രം പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂവെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പുരോഗമനപരമായി ചിന്തിക്കുന്നവാണെന്നും കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും കാലഹരണപ്പെട്ട ചിന്താഗതി വെച്ചു പുലർത്തുന്നവരാണെന്നും മോദി പരിഹസിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും തിരിച്ചറിഞ്ഞ ജനം അവരെ തൂത്തെറിഞ്ഞു. കോൺഗ്രസിന് ഒരു പാർലമെന്റംഗം പോലുമില്ലാത്ത സംസ്ഥാനങ്ങൾ ഇന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കേരളം മാറിച്ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ ഇത്തവണ താമര വിരിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നാനൂറിലേറെ സീറ്റുകൾ നേടുമെന്നും പറഞ്ഞു.

Tags:    
News Summary - Narendra Modi against udf and ldf in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.