തിരുവല്ല: രാജ്യത്ത് സാമൂഹികനീതിയും ലിംഗസമത്വവും ശാസ്ത്രീയ ചിന്താഗതിയും അട്ടിമറിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) 66ാം സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. പ്രശസ്തമായ ജവഹർലാൽ നെഹ്റു സർവകലാശാലക്കാവശ്യമായ ഗ്രാന്റുകൾ കുറക്കുന്നു. അശാസ്ത്രീയ പാഠ്യപദ്ധതിയാണ് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. കേരളം അതിൽനിന്ന് മാറിച്ചിന്തിക്കുന്നത് ആശാവഹമാണ്. കേരളത്തിൽ മാത്രമാണ് കൂടുതൽ കുട്ടികൾ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ചേരുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ 72,000ഓളം സർക്കാർ സ്കൂളുകളാണ് പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി പൂട്ടിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നുമില്ല. ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ രീതി. ഇത് സംരക്ഷിച്ചേ മതിയാകൂ. അധ്യാപകര്‍ അവരുടെ സേവന-വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനൊപ്പം ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കാനും പോരാടണമെന്ന് സുഭാഷിണി അലി പറഞ്ഞു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സ്വാഗതസംഘം ചെയർമാൻ പി.ബി. ഹർഷകുമാർ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ. നജീബ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് പ്രസിഡന്റ് പി.കെ. മുരളീധരൻ, എ.കെ.ജി.സി.ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സന്തോഷ് വർഗീസ്, എഫ്.യു.ടി.എ വൈസ് പ്രസിഡന്റ് ഡോ. എ. പ്രേമ, കെ.എൻ.ടി.ഇ.ഒ സെക്രട്ടറി ഡോ. വൈ. ഓസ്ബോ, ഡോ. എസ്. സോജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.