പാപ്പിനിശ്ശേരി (കണ്ണൂർ): ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തിയില്‍ സംഘർഷാവസ്ഥ. പൊലീസ് മർദനത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത നാലുവരിയാക്കുന്നത് തുരുത്തി പട്ടികജാതി കോളനിയിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിനിർത്തിയ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
തുരുത്തിയിൽ കുടിൽ കെട്ടി സമരം നടത്തിവരുന്ന പ്രദേശവാസികൾ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെയും റവന്യൂ അധികൃതരെയും റോഡിൽ തടഞ്ഞു. സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ടാണ് അളന്നു തിട്ടപ്പെടുത്താൻ എത്തിയതെന്നും ജീവനുണ്ടെങ്കിൽ സ്ഥലവും വീടും അളക്കാന്‍ അനുവദിക്കില്ലെന്നും സമരസമിതി കൺവീനർ നിഷിൽകുമാറും പ്രദേശവാസികളും ഉദ്യോഗസ്ഥരെ അറിയിച്ചു. സ്ഥലം അളന്നുതിട്ടപ്പെടുത്താൻ ഏഴോളം പേർ അപേക്ഷ നൽകിയിട്ടുണ്ടെന്നും അവരുടെ സ്ഥലം മാത്രമാണ് അളക്കുന്നതെന്നും അത് തടയരുതെന്നും ആർ.ഡി.ഒ ആവശ്യപ്പെട്ടു. അത് അംഗീകരിച്ച പ്രകാരം കോളനിക്ക് പുറത്തുള്ളവരുടെ സ്ഥലവും വീടും അളന്നു.
അളവു നടപടികൾ മറ്റു ഭാഗത്തേക്ക് നീങ്ങിയപ്പോൾ കോളനി നിവാസികളെ ബാധിക്കുന്ന പ്രദേശമായതിനാൽ സമരക്കാർ വീണ്ടും തടഞ്ഞു. ഡിവൈ.എസ്.പി സദാനന്ദൻ സ്ഥലത്തെത്തിയതോടെ സ്ഥിതി സംഘർഷഭരിതമായി. ഇതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യാശ്രമം നടത്തി. തങ്ങൾ താമസിക്കുന്ന വീടും പരിസരവും അളക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച കല്ലേൻ രാഹുലാണ് (24) ആത്മഹത്യാഭീഷണി മുഴക്കിയത്. ശ്രമം തടഞ്ഞ നാട്ടുകാർ രാഹുൽ കൃഷ്ണനെ പാപ്പാനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിൽ പിടിവലിയും പൊലീസ് മർദനവും നടന്നു.
മർദനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സർക്കാർ തീരുമാനമാണെന്നും തടയാൻ ആരെയും അനുവദിക്കില്ലെന്നും ഡിവൈ.എസ്.പി പി.പി. സദാനന്ദൻ സമരക്കാരെ അറിയിച്ചു. ആക്ഷേപമുള്ളവർ നിയമപരമായി നീങ്ങണമെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുരുത്തി സമരനായകൻ നിഷിൽ കുമാറിനെ കസ്റ്റഡിയിലെടുക്കാൻ ഡിവൈ.എസ്.പി പൊലീസുകാരോട് ആവശ്യപ്പെട്ടു. ഇത് തടഞ്ഞതിന് സി. ബാലകൃഷ്ണൻ, കെ. പുഷ്പൻ, പത്മനാഭൻ മൊറാഴ, ചന്ദ്രഭാനു, സി.രാജീവൻ എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രധാന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തപ്പോൾ തുരുത്തി ശാന്തമായി. അളവെടുപ്പിന് സമ്മതപത്രം നൽകിയവർ മുന്നോട്ടുവന്നു. സമ്മതം നൽകാത്തവരുടേത് ഒഴികെയുള്ള സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്താൻ തുടങ്ങി. പ്രതിഷേധം തണുത്തപ്പോൾ നടപടികൾ അഞ്ച് മണിവരെ തുടര്‍ന്നു.
തുരുത്തി പ്രദേശം അളക്കാതെ പിന്നോട്ടുപോകാൻ ജീവനക്കാർക്ക് നിർവാഹമില്ല. ഇത് നാഷനൽ എൻ.എച്ച് വിഭാഗം അംഗീകരിച്ചതും നടപടികൾ പൂർത്തീകരിച്ച് ഉത്തരവായതിനാൽ മാറ്റിനിർത്താൻ സാധ്യമല്ലെന്നും ആർ.ഡി.ഒ പറഞ്ഞു. ജില്ലയില്‍ ആകെ തുരുത്തിയിലെ 15 ഏക്കറോളം സ്ഥലം മാത്രമാണ് അളക്കാൻ ബാക്കി നില്‍ക്കുന്നത്. പ്രദേശവാസികൾക്ക് അനുവദിച്ച നഷ്ട പരിഹാര തുകയിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാപ്പിനിശ്ശേരി: ഇരുപത്തി ഒമ്പതോളം ദലിത് കുടുംബങ്ങളെ കുടിയിറക്കുന്നതിന് സുപ്രീം കോടതി വിധി അവഗണിച്ച് വൻ പൊലീസ് സന്നാഹത്തോടെയാണ് ദേശീയപാത അധികൃതർ തുരുത്തി കോളനിയിൽ എത്തിയതെന്ന് തുരുത്തി സമരനായകൻ നിഷിൽ കുമാർ പറഞ്ഞു. ദേശീയപാത സി.ആർ.സെഡ്(CRZ)ല്‍പെട്ട കണ്ടൽ പ്രദേശമാണ്. ഇവിടം ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെക്കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. വിധി ഞാൻ അധികൃതരെ കാണിച്ചു കൊടുത്തു. ആ വിധിയെ അവഗണിച്ചുകൊണ്ടാണ് ധിക്കാരപരമായ സമീപനത്തോടെ ദേശീയപാത അധികൃതർ പട്ടികജാതി കോളനിയിൽ സ്ഥലം ഏറ്റെടുക്കാൻ എത്തിയത്. തെറ്റായ ഈ നടപടി ഞങ്ങൾ എങ്ങനെയും എതിർക്കും. മരിക്കേണ്ടി വന്നാൽ അതിനും ഞങ്ങൾ തയാറാണ്.
ഞങ്ങളെ കുടിയിറക്കുകയാണെങ്കിൽ ഇന്ന് വീട്ടിൽ നിന്നും ഇറങ്ങിയവരാരും തിരികെ അവരുടെ വീട്ടിൽ കയറില്ല. ഈ നിലപാടിൽ ഞങ്ങൾ ഉറച്ചുനിൽക്കും. ഇവിടെ നിന്ന് ഒഴിഞ്ഞുപോകണം എന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്നും സമരസമിതി കൺവീനർ നിഷിൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.