തിരുവനന്തപുരം: ദേശീയപാത നാലുവരി വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുപ്പം കുറച്ച് അനുനയനീക്കവുമായി സർക്കാർ. ജനപ്രതിനിധികൾ അംഗീകരിച്ച അലൈൻമെൻറിൽ ഇനിയൊരു മാറ്റവുമുണ്ടാവില്ലെന്ന് ആവർത്തിച്ചിടത്താണ് നേരിയ ഭേദഗതിയാവാമെന്ന നിലപാട്. മലപ്പുറത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സർക്കാറിെൻറ നിലപാടുമാറ്റം പ്രകടമായി.
ദേശീയപാത വിഷയത്തിൽ സമരം നടത്തുന്ന കീഴാറ്റൂരിലെ വയൽക്കിളികളെ വയൽക്കഴുകന്മാരായും മലപ്പുറത്തെ സമരക്കാരെ വിധ്വംസകരുമായി വിമർശിച്ചതിന് പിന്നാലെയാണ് ഇൗ മാറ്റം. മലപ്പുറത്തെ ജനപ്രതിനിധികളും സർവക്ഷി പ്രതിനിധികളും മുന്നോട്ടുവെച്ച മുഴുവൻ നിർദേശങ്ങളും കേട്ട മന്ത്രി ജി. സുധാകരൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യോഗത്തിൽ ഉറപ്പുനൽകി.
2013-ൽ ദേശീയപാത അതോറിറ്റി അംഗീകരിച്ച അലൈൻമെൻറും പുതിയതും തമ്മിൽ ഒത്തുനോക്കി വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന ധാരണയിലെത്തിയത് യോഗത്തിൽ ഉന്നയിച്ച ആവശ്യം മുൻനിർത്തിയാണ്. നിലവിലെ ദേശീയപാതയിൽനിന്ന് ഇരുഭാഗത്തേക്കും 22.5 കിലോമീറ്റർ ഏറ്റെടുക്കണമെന്നാണ് പഴയ അലൈൻമെൻറിലെ പ്രധാന നിർദേശം. ഇത് നടപ്പായാൽ നിലവിലെ അത്ര വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടില്ലെന്നാണ് യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. വളവ് നിവർത്താനും ആരാധനാലയങ്ങൾ സംരക്ഷിക്കാനും എന്ന പേരിലാണ് പുതിയ അലൈൻമെൻറിനായി സർവേ തുടങ്ങിയത്. ഇതേ കാരണം പറഞ്ഞ് ചിലയിടത്ത് പുതുതായി 45 മീറ്റർ ഭൂമി വരെ ഏറ്റെടുക്കുന്നുണ്ട്.
എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ കൊളപ്പുറത്തെയും അരീത്തോടിലെയും ഒേട്ടറെ വീടുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ യോഗത്തിൽ ധാരണയായി. ചേളാരിയിലെ വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ആകാശപാതയാണ് വള്ളിക്കുന്ന് എം.എൽ.എ പി. അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടത്. ഇടിമൂഴിക്കലിൽ 62 വീടുകളും 44 വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും പോസ്റ്റ് ഒാഫിസും പള്ളിയും നഷ്ടപ്പെടുന്നത് ഒഴിവാക്കിയുള്ള ബദൽ അലൈൻമെൻറ് പരിശോധിക്കാമെന്ന നിർദേശവും ഇദ്ദേഹം ഉന്നയിച്ചു.
തർക്കമേഖലയിൽ വീണ്ടും പരിശോധന നടത്തുന്നതോടെ നേരിയ അലൈൻമെൻറ് മാറ്റമുണ്ടാകുമെന്നാണ് സൂചന. ഒരാവശ്യവും തള്ളാതെ എല്ലാവശവും പരിശോധിച്ച് ദേശീയപാത വികസനം യാഥാർഥ്യമാക്കുമെന്ന ഉറപ്പിലാണ് സർവകക്ഷി യോഗം പിരിഞ്ഞത്. 45 മീറ്ററെന്ന വിഷയത്തിൽ സർവകക്ഷികളും ഒറ്റക്കെട്ടായി നിന്നതോടെ ബദൽ നിർദേശങ്ങൾ പൂർണമായും അപ്രസക്തമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.