മൊഗ്രാൽ: മൊഗ്രാൽ കടവത്ത് പ്രദേശത്ത് മരണം സംഭവിച്ചാൽ കടവത്ത് നിവാസികളുടെ മനസ്സിൽ നെഞ്ചിടിപ്പാണ്. മയ്യിത്ത് എങ്ങനെ പള്ളിവളപ്പിൽ എത്തിക്കുമെന്ന ആശങ്കയാണ് കാരണം. എല്ലായിടത്തും വഴികളടച്ചുള്ള നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രദേശങ്ങളൊക്കെ ഇതിനകം കാണാൻപറ്റാത്ത വിധത്തിൽ ഈസ്റ്റ് -വെസ്റ്റ് ആയി രൂപാന്തരപ്പെട്ടുകഴിഞ്ഞു.
മൊഗ്രാൽ കടവത്ത് പ്രദേശത്തുനിന്ന് നടപ്പാതവഴി ഹൈവേയിലുള്ള ജുമാമസ്ജിദ് റോഡിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് ഇപ്പോൾ ദേശീയപാത നിർമാണംമൂലം അടഞ്ഞിരിക്കുന്നത്. ഇവിടെനിന്ന് മയ്യിത്ത് പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും വയോധികർക്ക് അടക്കമുള്ളവർക്ക് പള്ളിയിൽ പോകാനും വിദ്യാർഥികൾ ബസ് കാത്തുനിൽക്കാനും ഇപ്പോൾ ഏറെ പ്രയാസപ്പെടുകയാണ്.
ഈ ഭാഗത്ത് ജുമാമസ്ജിദ് റോഡിന് സമാനമായി അടിപ്പാത വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇവിടെ ദേശീയപാത ഉയരം കൂട്ടി നിർമിക്കുന്നതിനാൽ അടിപ്പാത സാധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് നേരത്തേപ്രദേശവാസികളായ എം.ജി.എ. റഹ്മാൻ, ടി.എം. സുഹൈബ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിലുള്ള ദേശീയപാത ഇംപ്ലിമെന്റ് പ്രോജക്ട് ഡയറക്ടർക്കും എം.പി, എം.എൽ.എ തുടങ്ങി ജനപ്രതിനിധികൾക്കും നവകേരള സദസ്സിലും നിവേദനം നൽകിയിരുന്നു.
പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.