തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങൾ കർശനമാക്കുന്നു; ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കൂലി കുറയും

തിരുനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. പുതിയ നിർദേശമനുസരിച്ച് ഓരോ ദിവസവും പൂർത്തിയാക്കേണ്ട ജോലി അന്നു തന്നെ പൂർത്തിയാക്കണം. ജോലി നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ കൂലികുറയുകയും ചെയ്യും. ജോലി തുടങ്ങുന്നതിന് മുമ്പായി എൻജിനീയറുടെയും ഓവർസിയറുടെയും സാന്നിധ്യത്തിൽ യോഗം വിളിക്കുകയും വേണം.

ഓരോ ആഴ്ചയിലും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചെയ്യേണ്ടിയിരുന്നതും പൂർത്തിയാക്കിയതുമായ ജോലിയുടെ കണക്ക് പഞ്ചായത്ത് എൻജിനീയർ പരിശോധിക്കണം. 20ലധികം തൊഴിലാളികൾ ജോലിചെയ്യുന്ന എല്ലാ ജോലിയുടേയും ഹാജർ മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തിൽ അടയാളപ്പെടുത്തണമെന്നും എം. ബുക്കിലെ അളവിന് ആനുപാതികമായായിരിക്കണം വേതനം നൽകേണ്ടതെന്നും നിർദേശത്തിലുണ്ട്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള മേറ്റുമാർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്.

നിശ്ചയിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് ജോലി നടക്കുന്നതെന്ന് ഉറപ്പ് വരുത്താൻ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ, ജില്ലാ ക്വാളിറ്റി ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്യും. എസ്റ്റിമേറ്റ് അനുസരിച്ചല്ലാതെ ജോലി അനുവദിക്കാൻ പാടുള്ളതല്ല. ഇതു സംബന്ധിച്ച് മേറ്റുമാർക്ക് വീഴ്ചയുണ്ടായാൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പ്രോഗാം ഓഫീസർ, ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നിവർക്ക് കർശന നടപടി സ്വീകരിക്കാം.

എ.ഡി.എസ് പൊതുവിഭാഗം അംഗങ്ങളിൽ പത്താംക്ലാസ് പത്താംക്ലാസ് തുല്യതാപരീക്ഷ എഴുതിക്കുമെന്നും പരീക്ഷ ജയിക്കുന്നവരെ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റായി പരിഗണിക്കുമെന്നും തദ്ദേശവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - National Rural Employment Guarantee Scheme rules are being strengthened by government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.