കൈക്കൂലി പരാതി കെട്ടുകഥയോ? ശബ്ദരേഖ പുറത്ത്

കണ്ണൂര്‍: പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിന് എ.ഡി.എം കെ. നവീന്‍ബാബു 98,500 രൂപ കൈക്കൂലി കൈപ്പറ്റിയെന്ന പരാതി കെട്ടുകഥയെന്ന ആരോപണം ശക്തം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ പൊരുത്തക്കേടുകൾ ചർച്ചയായതിന് പിന്നാലെ കൈക്കൂലി കഥയും കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെട്ടു. കൈക്കൂലി പരാതി ഉന്നയിച്ച പമ്പുടമ ടി.വി. പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. എ.ഡി.എം അഴിമതിക്കാരനല്ലെന്നാണ് പ്രശാന്തന്‍തന്നെ പറയുന്നത്.

മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കിയെന്നാണ് പറയുന്നത്. കൈക്കൂലി കൊടുത്ത പിറ്റേന്ന്, അതായത് ഒക്ടോബര്‍ ഏഴിന് രാത്രി 8.26ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന 10 മിനിറ്റോളം നീണ്ട സംഭാഷണത്തില്‍ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പരാമർശിക്കുന്നുമില്ല.

എ.ഡി.എം നവീന്‍ബാബു കൈക്കൂലിക്കാരനാണെന്നുള്ള സൂചനയില്ലെന്നും പമ്പുടമ പറയുന്നുണ്ട്. ആദ്യം അങ്ങനെയാണ് കരുതിയതെന്നും എന്നാൽ, തനിക്ക് എന്‍.ഒ.സി ലഭിക്കാതിരിക്കാനുള്ള കാരണം പൊലീസ് റിപ്പോര്‍ട്ട് ആണെന്നും പ്രശാന്തന്‍ സംഭാഷണത്തിൽ പറയുന്നു. എൻ.ഒ.സിക്ക് അപേക്ഷ നൽകിയ പ്രശാന്തനും സംരംഭകനും കലക്ടറേറ്റിൽവെച്ചാണ് പരിചയപ്പെടുന്നത്. ഫയലിന്റെ നിലവിലെ അവസ്ഥ അന്വേഷിച്ച് നടത്തിയ സൗഹൃദ സംഭാഷണമാണ് ശബ്ദരേഖ.

എ.ഡി.എം മരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയപ്പെടുന്ന പരാതിയുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. മുഖ്യമന്ത്രിക്ക് ഇ-മെയിലായി പരാതി നൽകിയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഇതുസംബന്ധിച്ച് തെളിവൊന്നും പരാതിക്കാരൻ നൽകിയതുമില്ല. മരണം നടന്നശേഷം മുഖം രക്ഷിക്കാനുണ്ടാക്കിയ പരാതിയെന്ന് ആരോപണമുയർന്നതിനു പിന്നാലെയാണ് എ.ഡി.എമ്മിനെ അഴിമതിക്കാരനല്ലെന്ന് പറയുന്ന ശബ്ദരേഖയും പുറത്തുവന്നത്.

സൗഹൃദസംഭാഷണം നടത്തിയയാൾക്ക് ഒരു പൈസയും നൽകാതെ പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിച്ചിരുന്നു. പണമൊന്നും കൈപ്പറ്റാതെ എൻ.ഒ.സി നൽകിയ എ.ഡി.എമ്മിനെതിരെ പ്രശാന്തൻ കൈക്കൂലി ആരോപണമുന്നയിച്ചതിലെ അരിശത്തിലാണ് ഇദ്ദേഹം ശബ്ദരേഖ പുറത്തുവിട്ടതെന്നാണ് വിവരം.

Tags:    
News Summary - Naveen babu death issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.