കണ്ണൂർ: ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കുന്നതിന് മുൻ എ.ഡി.എം നവീൻബാബു കൈക്കൂലി കൈപ്പറ്റിയെന്ന പമ്പുടമ ടി.വി. പ്രശാന്തിന്റെ പരാതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് നുണ പരിശോധനക്ക് തയാറാണെന്ന് പ്രശാന്ത് അന്വേഷണസംഘത്തെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സർവിസ് കാലയളവിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടാത്തയാളാണ് നവീൻ ബാബു. എന്നാൽ, പമ്പിന് എൻ.ഒ.സി ലഭിക്കുന്നതിന് എ.ഡി.എം ഒരുലക്ഷം കൈക്കൂലി കൈപ്പറ്റിയെന്ന് പ്രശാന്തും പറയുന്നു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആർക്കാണ് കൊടുത്തതെന്നു കണ്ടെത്തണമെന്നും എം.വി. ജയരാജൻ പറഞ്ഞു.
വയനാട്ടിൽ എൻ.എം. വിജയന്റെ ആത്മഹത്യക്കുറിപ്പിൽ പേരുണ്ടായിട്ടും കോൺഗ്രസ് നേതാക്കൾക്കെതിരെ ഒരു നടപടിയുമില്ല. എ.ഡി.എമ്മിന്റെ മരണത്തിൽ ആത്മഹത്യക്കുറിപ്പുമില്ല, പി.പി. ദിവ്യയുടെ പേരുമില്ല. ദിവ്യക്കും 10ാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും കുടുംബവുമുണ്ടെന്നും എത്രകാലമായി മാധ്യമങ്ങൾ അവരെ വേട്ടയാടുകയാണെന്നും അദ്ദേഹം ചോദിച്ചു.
നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനും കോടതിയിൽ അപ്പീൽ നൽകാനും ഭാര്യക്ക് അവകാശമുണ്ടെന്നും എം.വി. ജയരാജൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.