പോസ്റ്റ്മോർട്ടം വൈകി; നവീൻ ബാബുവിന്‍റെ സംസ്കാരം നാളെ, പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനം

പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്‍റെ സംസ്കാരം നാളെ നടക്കും. പോസ്റ്റ്മോർട്ടം ചെയ്ത് മൃതദേഹം കിട്ടാൻ വൈകിയതാണ് കാരണം. ഇന്ന് ഉച്ചയോടെ മാത്രമേ പത്തനംതിട്ടയിലെ വസതിയിൽ മൃതദേഹം എത്തുകയുള്ളൂ.

മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിന് എത്തിക്കും. തുടർന്ന് ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്ന് പുലർച്ചെയോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം കണ്ണൂർ, കാസർകോട് ജില്ല കലക്ടർമാരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾക്ക് കൈമാറിയത്.

ഇന്നലെ രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു.

ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ്  നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീൻ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം.

Tags:    
News Summary - Naveen Babu's cremation tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.