പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തെപ്പറ്റിയുള്ള പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം കാര്യക്ഷമമല്ലെന്നും കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയെ സമീപിച്ചേക്കും. മരണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
കേസിലെ പ്രതിയായ ദിവ്യക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ദിവ്യക്ക് ജാമ്യം കിട്ടിയതിനു പിന്നാലെ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് വിശദമായി പിന്നീട് പ്രതികരിക്കാമെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞത്. ദിവ്യക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ മൊഴി രേഖപ്പെടുത്താത്തതിൽ കുടുംബത്തിന് ശക്തമായ അമർഷമുണ്ട്. ഇതാണ് മേൽകോടതിയിലേക്ക് വിഷയം എത്തുന്നതിന് പിന്നിലും. നവീന്റെ സംസ്കാരം നടന്ന ദിവസം രാവിലെ അന്ന് കേസ് അന്വേഷിച്ച കണ്ണൂർ ടൗൺ പൊലീസ് നവീന്റെ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുത്തിരുന്നു. എന്നാൽ, എസ്.ഐ.ടി രൂപവത്കരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കുടുംബത്തിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം എത്തിയിട്ടില്ല. നവീന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ ദിവ്യക്കും ടി.വി പ്രശാന്തനുമെതിരെ ഗൂഢാലോചന ഉൾപ്പെടെ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കാനുണ്ട്. നവീന്റെ മരണത്തിന് പിറ്റേന്ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് സഹോദരൻ പ്രവീൺ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.