നവീൻബാബുവിന്റെ ആത്മഹത്യ: പെട്രോൾ പമ്പിന്റെ ഭൂമിയിടപാട് അതീവ തന്ത്രപരമായി

കണ്ണൂർ: എ.ഡി.എം കെ. നവീൻബാബുവിന്റെ ആത്മഹത്യയെത്തുടർന്ന് വിവാദത്തിലായ ചെങ്ങളായിലെ പെട്രോൾ പമ്പിന്റെ ഭൂമിയിടപാടുകൾ ഉടമ ടി.വി. പ്രശാന്തൻ നടത്തിയത് അതീവ തന്ത്രപരമായി. ചെങ്ങളായി ചേരൻകുന്ന് വളവിൽ ക്രിസ്ത്യൻപള്ളിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലം പെട്രോൾ പമ്പിനായി പാട്ടത്തിനെടുത്തതും കരാറുകളിൽ ഒപ്പുവെച്ചതുമെല്ലാം പ്രശാന്താണ്.

സെന്റിന് മാസം 1000 രൂപ നിരക്കിലാണ് കരാർ. പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യത്തിന് സാമ്പത്തിക സ്ഥിതിയില്ലാത്ത പ്രശാന്ത് ചില ഉന്നതരുടെ ബിനാമിയാണെന്ന് ആക്ഷേപമുണ്ട്. സി.പി.എം പരിയാരം മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റിയംഗവും മെഡിക്കൽ കോളജിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനുമായ ഇയാൾക്ക് മറ്റ് ബിസിനസുകളും വരുമാനമാർഗങ്ങളുമില്ല. ഭാര്യ ചെങ്ങളായി പി.എച്ച്.സിയിൽ നഴ്സാണ്. ലക്ഷങ്ങൾ മൂലധനം ആവശ്യമായ പെട്രോൾ പമ്പ് തുടങ്ങാനായി പ്രശാന്തന് ഉന്നതരുടെ സാമ്പത്തിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രശാന്തനും പി.പി. ദിവ്യയുടെ ഭർത്താവ് അജിത്തും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നിച്ച് ജോലി ചെയ്യുന്നവരും അടുത്ത സുഹൃത്തുക്കളുമാണ്.

സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ബന്ധുവായ പ്രശാന്തൻ നേരത്തേ വിദേശത്തായിരുന്നു. പരിയാരം മെഡിക്കൽ കോളജ് സി.പി.എം നിയന്ത്രണത്തിലായപ്പോഴാണ് ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിക്കുന്നത്. ചെങ്ങളായിയിൽ വിവാദമായ പമ്പിന്റെ സമീപത്തെ പമ്പുകളും സി.പി.എം നേതൃത്വത്തിലാണ്. നിശ്ചിത അകലത്തിൽ മറ്റൊരു പമ്പിന്റെ നിർമാണം പൂർത്തിയായി വരികയാണ്. സി.പി.എം ചെങ്ങളായി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലാണിത്. സി.ഐ.ടി.യു പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിൽ ഒന്നര കിലോമീറ്റർ അകലെ വളക്കൈ വളവിൽ മറ്റൊരു പമ്പ് കഴിഞ്ഞമാസം തുറന്നു. കണ്ണൂർ ടൗൺ പ്ലാനർ അനുമതി നിരസിച്ചതിനെതുടർന്ന് സി.പി.എം ഇടപെട്ടാണ് ഈ പമ്പിന് അനുമതി നൽകിയത്. നാല് കിലോമീറ്റർ പരിധിയിൽ സി.പി.എം നേതൃത്വത്തിലെ സഹകരണ സംഘത്തിനായി മറ്റൊരു പമ്പ് അനുവദിച്ചിട്ടുണ്ട്.

ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തുള്ള ഭൂമിയിൽ പമ്പു തുടങ്ങാൻ പ്രശാന്തന് അനുമതി വൈകിപ്പിച്ചത് സംസ്ഥാന പാതയുടെ കൊടുംവളവാണ്.

എൻ.ഒ.സി ലഭിക്കാതായതോടെയാണ് പി.പി. ദിവ്യയോട് കാര്യം പറഞ്ഞതെന്നും അതും നടക്കാതായതോടെ എ.ഡി.എമ്മിനെ നേരിൽ കണ്ടപ്പോഴാണ് ഒരുലക്ഷം രൂപ കൈക്കൂലി ചോദിച്ചതെന്നുമാണ് പ്രശാന്തന്റെ പരാതി. എ.ഡി.എം കെ. നവീൻബാബു കൈക്കൂലിയുടെ സൂചനപോലും നൽകിയില്ലെന്ന് പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തൻ മറ്റൊരു സംരംഭകനോട് പറയുന്ന ഫോൺ സംഭാഷണം കഴിഞ്ഞദിവസം പുറത്തായിരുന്നു. ഒക്ടോബർ ആറിന് പണം ആവശ്യപ്പെട്ടെന്ന് പരാതിയിൽ പറയുന്ന പ്രശാന്തൻ ഏഴിന് നടത്തിയ ഫോൺ സംഭാഷണത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കാത്തതും ചർച്ചയായിട്ടുണ്ട്.

ദിവ്യയെ തള്ളി എൽ.ഡി.എഫ് കൺവീനർ

മുക്കം (കോഴിക്കോട്): എ.ഡി.എം നവീൻ ബാബു ആത്മഹത്യചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പോയി സംസാരിച്ച രീതി ശരിയായില്ലെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിവ്യയുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ കണ്ണൂർ പാർട്ടിയാണ് പറയേണ്ടത്. സംസ്ഥാന നേതൃത്വം എന്തെങ്കിലും പറയേണ്ടതുണ്ടെങ്കിൽ അപ്പോൾ പറയുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - Naveenbabu's suicide: Petrol pump land deal very strategic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.