പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ. കെ.കെ. രത്‌നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി തീരുമാനിച്ചത്. തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി. 

സി.പി.എം ജില്ല സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ല സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 

നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി.

ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരിൽനിന്ന് ഉൾപ്പെടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിവ്യയെ പ്രതി ചേർത്തത്.

നേരത്തെ പി.പി. ദിവ്യക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമീഷൻ കേസെടുത്തത്. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.

യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാ​ണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - P.P. Divya was removed from the post of Kannur District Panchayat President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.