കാസർകോട്: ട്രെയിൻ യാത്രദുരിതം അവസാനിപ്പിക്കാൻ കേരളത്തിന് സ്പെഷൽ റെയിൽവേ പാക്കേജ് പ്രഖ്യാപിക്കണമെന്ന് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന റെയിൽ പ്രക്ഷോഭയാത്ര പതാക ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാധാരണക്കാരുടെ യാത്ര കേന്ദ്രസർക്കാറിന്റെ ജനദ്രോഹ സമീപനം കാരണം ദുരിതപൂർണമായിരിക്കുന്ന സാഹചര്യത്തിൽ ട്രെയിൻയാത്ര സുഗമമാക്കുന്നതിനുവേണ്ട ആവശ്യങ്ങൾ ഉയർത്തിയാണ് റസാഖ് പാലേരി കാസർകോട്ടുനിന്ന് പാലക്കാട്ടേക്ക് റെയിൽ പ്രക്ഷോഭയാത്ര നടത്തുന്നത്. ഇന്ത്യയിൽതന്നെ റെയിൽവേക്ക് വൻതോതിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കേരളത്തോട് തികഞ്ഞ അവഗണനയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലബാർ മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാണ്.
കോവിഡ് കാലത്ത് നിർത്തലാക്കിയ സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകൾ ഇപ്പോഴും ഓടുന്നില്ല. ട്രെയിനുകളിൽ ആവശ്യത്തിനുള്ള കമ്പാർട്ട്മെന്റുകൾ ഇല്ലാത്തതിനാൽ റിസർവ്ഡ് യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ സംസ്ഥാന സർക്കാറും എം.പിമാരും മുന്നോട്ടുവരണം. പരിഹാരമായി കേരളത്തിനുവേണ്ടി സ്പെഷൽ റെയിൽവേ പാക്കേജ് തയാറാക്കാൻ കേന്ദ്ര ഗവൺമെന്റ് തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാട് റസാഖ് പാലേരിക്ക് പതാക കൈമാറി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു. നാസർ ചെർക്കള, സുരേന്ദ്രൻ കരിപ്പുഴ, ജബീന ഇർഷാദ്, പ്രേമ ജി. പിഷാരടി, മിർസാദ് റഹ്മാൻ, മുഹമ്മദ് വടക്കേക്കര, ടി.കെ. അഷ്റഫ്, സി.എച്ച്. മുത്തലിബ്, റാസിഖ് മഞ്ചേശ്വരം, എ.ജി. ജുവൈരിയ എന്നിവർ സംസാരിച്ചു. സി.എച്ച്. ബാലകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, ഹമീദ് കക്കണ്ടം, അമ്പുഞ്ഞി തലക്ലായി, നഹാർ കടവത്ത്, സി.എ. യൂസുഫ്, എൻ.എം. റിയാസ്, ഇസ്മായിൽ മൂസ, സുബൈർ തളങ്കര, ഷരീഫ് നായന്മാർമൂല, കെ.ടി. ബഷീർ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.