കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണത്തിന്റെ മുനയൊടിച്ച് കൂടുതൽ തെളിവുകൾ. ചെങ്ങളായിലെ വിവാദ പെട്രോൾ പമ്പിന് എ.ഡി.എം അനുമതി വൈകിപ്പിച്ചത് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായി. അപകട സാധ്യതയുള്ള സ്ഥലത്ത് പമ്പ് അനുവദിക്കാനാവില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. പമ്പിന് അനുവദിച്ച എൻ.ഒ.സിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ചെങ്ങളായി ചേരൻമൂലയിലെ സ്ഥലത്ത് നിർദിഷ്ട പമ്പിന് എ.ഡി.എമ്മിന് അപേക്ഷ ലഭിച്ചത്. തുടർന്ന്, ഫയർഫോഴ്സ്, പൊലീസ്, തദ്ദേശസ്ഥാപനം, ടൗൺ പ്ലാനിങ് വിഭാഗം, തഹസിൽദാർ, സപ്ലൈ ഓഫിസർ എന്നിവരിൽ നിന്ന് എ.ഡി.എം റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, നിർദിഷ്ട സ്ഥലത്തെ വളവ് അപകടകരമാണെന്നും അനുമതി നൽകാൻ ആവില്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.എം പെട്രോൾ പമ്പിന് അനുമതി വൈകിപ്പിച്ചത്.
എന്നാൽ, കടുത്ത രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് സ്ഥലം മാറി പോകുന്നതിന് ആറു ദിവസം മുമ്പ് എ.ഡി.എം പമ്പിന് അനുമതിപത്രം നൽകിയതെന്നാണ് സൂചന. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കോഴിക്കോട് ടെറിട്ടറി മാനേജരുടെ പേരിലാണ് അപേക്ഷയും അനുമതിപത്രവും നൽകിയത്.
പമ്പിന് അനുമതി നൽകരുതെന്ന പൊലീസ് റിപ്പോർട്ട് കൂടി പരാമർശിച്ചാണ് എ.ഡി.എം എൻ.ഒ.സി നൽകിയത്. എന്നാൽ, കൈക്കൂലിക്ക് വേണ്ടിയാണ് അനുമതി വൈകിപ്പിച്ചതെന്നായിരുന്നു പരാതിക്കാരനായ ടി.വി. പ്രശാന്തിന്റെ ആരോപണം. ഇത് പൂർണമായും തള്ളുന്നതാണ് എൻ.ഒ.സി റിപ്പോർട്ടിലെ പരാമർശം. അതിനിടെ, നവീൻ ബാബുവിനെതിരെ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ കൂടിയായ ടി.വി. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്നവകാശപ്പെടുന്ന പരാതിയും വ്യാജമെന്നാണ് സൂചന. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് ലഭിക്കുന്ന വിവരം.
വിജിലൻസിനും പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രശാന്തനെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.