കൊച്ചി: കുവൈത്ത് മൻഗഫിലുണ്ടായ തീപിടിത്തത്തിൽ കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം. തനിക്ക് നഷ്ടപ്പെട്ടത് കുടുംബാംഗങ്ങളെയാണെന്നും മരിച്ച ജീവനക്കാരുടെ കമ്പനി ഉടമയായ അദ്ദേഹം വികാരനിർഭരനായി വിശദീകരിച്ചു. കൃത്യമായ സുരക്ഷ പരിശോധനകൾ കെട്ടിടത്തിൽ നടത്തിയിരുന്നു. അപകടം തങ്ങളുടെ വീഴ്ചകൊണ്ട് സംഭവിച്ചതല്ല, എങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ല. ജീവനക്കാരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കും.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് താൻ അപകടവിവരം അറിയുന്നത്. ഇതോടെ യാത്ര ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞുപോയി. പ്രഷറും ഷുഗറും വർധിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വർഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്നവരെയാണ് നഷ്ടപ്പെട്ടത്. മരിച്ചവരുടെ വീടുകളിൽ കമ്പനി അധികൃതരെത്തി കുടുംബാംഗങ്ങളെ നേരിട്ട് കാണുകയാണ്. അവർക്ക് സാമ്പത്തിക സഹായവും ജോലി ആവശ്യമായവർക്ക് ജോലിയും നൽകും. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് കണ്ടെത്തൽ. മറ്റൊരു തരത്തിലുമുള്ള വീഴ്ചകളുണ്ടായതായി ഇതുവരെ കണ്ടെത്തലുകളില്ല. ഷോർട്ട് സർക്യൂട്ട് എങ്ങനെയാണുണ്ടായതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
49 വർഷമായി താൻ കുവൈത്തിലുണ്ട്. അവിടുത്തെയാളുകളെ വളരെയധികം സ്നേഹിക്കുന്നു. സംഭവമുണ്ടായപ്പോൾ കുവൈത്ത് സർക്കാരും എംബസിയും കൃത്യമായി ഇടപെട്ടു. ഇന്ത്യ ഗവണ്മന്‍റെ് വളരെ വേഗത്തിൽ മന്ത്രിമാരടങ്ങുന്ന സംഘത്തെ കുവൈത്തിലെത്തിച്ചതിലൂടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനായി. മൃതദേഹങ്ങൾ 48 മണിക്കൂറിനുള്ളിൽ നാട്ടിലെത്തിക്കാൻ സാധിച്ചു.
196 പേരാണ് ആകെ താമസക്കാർ. അതിൽ 20 പേർ രാത്രി ഡ്യൂട്ടിക്ക് പോയിരുന്നു. ദുരന്തം നടക്കുന്ന പുലർച്ചെ 3.30ന് 176 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. 49 പേർ മരിച്ചു. 127 പേരെ പുറത്തെത്തിക്കാൻ കഴിഞ്ഞു. ഇതിൽ 31 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. 96 പേർ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. പൂർണമായും എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തിലാണ് ജീവനക്കാരെ താമസിപ്പിച്ചിരുന്നത്. ജീവനക്കാർക്ക് ലൈഫ് ഇൻഷുറൻസ് ഉറപ്പാക്കിയിരുന്നു. അവർക്ക് വേണ്ട എല്ലാ പിന്തുണയും മുൻകാലങ്ങൾ മുതൽ നൽകി വരുന്നുണ്ട്.
കമ്പനിക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസുകളോ കണ്ടെത്തലുകളോയില്ല. കെട്ടിടത്തിൽ പാചകം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. മറ്റൊരു കെട്ടിടത്തിലുള്ള പ്രധാന അടുക്കളയിൽ പാചകം ചെയ്ത്, ജീവനക്കാർക്ക് അതാത് നിലകളിലുള്ള ഡൈനിങ് റൂമിലെത്തിച്ച് നൽകുകയാണ് ചെയ്തിരുന്നത്. ഗ്യാസ് സിലിണ്ടറിലൂടെയോ മറ്റ് ഏതെങ്കിലും തരത്തിലോ അപകടമുണ്ടാകാനുള്ള സാധ്യത അവിടെയില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അപകടത്തിന്‍റെ സമയത്ത് ഏകദേശം അറുപതോ എഴുപതോ ആളുകളാണ് അവിടെയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.