തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ഒപ്പുവെച്ചു. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയെതന്നെ കാഡർ പദവിയിലുള്ള വിജിലൻസ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണെന്നും ലോക്നാഥ് ബെഹ്റയുടെ ‘ഇരട്ടപ്പദവി’ സർവിസ് ചട്ടലംഘനമാണെന്നുമുള്ള ആരോപണം ഉയരുന്നതിനിടെയാണ് അസ്താനയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കാൻ സർക്കാർ നിർബന്ധിതമായത്. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ എൻ.സി. അസ്താന നിലവിൽ ഡല്‍ഹി കേരള ഹൗസിലെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ചുമതലയിലാണ്.
ബെഹ്റക്ക് പകരം ആജ്ഞാനുവർത്തിയായ ഒരു ഓഫിസറെ വിജിലൻസിെൻറ തലപ്പത്ത് പ്രതിഷ്ഠിക്കാൻ സർക്കാർ ചില നീക്കം നടത്തിയെങ്കിലും നിയമനടപടി ഭയന്ന് പിന്മാറുകയായിരുന്നു. സംസ്ഥാനത്ത് 12 ഡി.ജി.പിമാരുണ്ടെങ്കിലും കേന്ദ്ര സർക്കാറിെൻറയും അക്കൗണ്ടൻറ് ജനറലിെൻറയും അംഗീകാരമുള്ളത് ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ്, എൻ.സി. അസ്താന എന്നിവർക്ക് മാത്രമാണ്. മറ്റ് എട്ടുപേരും സംസ്ഥാന സർക്കാർ നൽകിയ ഡി.ജി.പി പദവി കേന്ദ്രം അംഗീകരിക്കാത്തതിനാൽ ഇപ്പോഴും എ.ഡി.ജി.പി തസ്തികയിലെ ശമ്പളമാണ് കൈപ്പറ്റുന്നത്.
ഡി.ജി.പി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കാഡർ തസ്തികയിൽ എ.ഡി.ജി.പി റാങ്കിലുള്ളവരെ നിയമിക്കുന്നത് സർക്കാറിനെ വീണ്ടും നിയമപ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുമെന്ന് നിയമ വകുപ്പ് ദിവസങ്ങൾക്ക് മുമ്പ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്രത്തിെൻറ അംഗീകാരമുള്ള ഡി.ജി.പിമാരിൽ ഒരാളെതന്നെ നിയമിച്ച് വിവാദം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
നേരത്തേ ടി.പി. സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ ബെഹ്റക്ക് പകരം ഡൽഹിയിലുള്ള അസ്താനയെ കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തിയെങ്കിലും അദ്ദേഹം താൽപര്യം കാണിച്ചില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഡൽഹിയിൽ തുടരേണ്ടതുണ്ടെന്നും സുപ്രധാന ചുമതലകളിൽനിന്ന് ഒഴിവാക്കിത്തരണമെന്നും അഭ്യർഥിച്ച് അസ്താന മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകുകയായിരുന്നു.
എന്നാൽ, സ്ഥിരം വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതിനെതിരെ ഹൈകോടതി ഒന്നിലേറെ തവണ സർക്കാറിനെ വിമർശിച്ചത് കണക്കിലെടുത്തും ഇടഞ്ഞുനിൽക്കുന്ന ജേക്കബ് തോമസ് നിയമനടപടികളിലേക്ക് പോയാൽ വെട്ടിലാകുമെന്ന് മനസ്സിലാക്കിയുമാണ് അസ്താനയെ തിരികെ വിളിക്കാൻ ആഭ്യന്തര വകുപ്പ് നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.