തൃശൂർ: മന്ത്രിമാറ്റം കീറാമുട്ടിയായതോടെ വിഷയത്തിൽ ഇടപെടാൻ എൻ.സി.പി ദേശീയ നേതൃത്വം. വെള്ളിയാഴ്ച ദേശീയ അധ്യക്ഷൻ ശരത് പവാർ സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മൂന്നുപേരോടും മുംബൈയിലെത്താൻ ശരത് പവാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടിവന്നാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന ശശീന്ദ്രന്റെ ഉറച്ച നിലപാടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള ചാക്കോയുടെ നീക്കം വിഫലമാക്കിയത്. രാഷ്ട്രീയത്തിൽനിന്ന് മാന്യമായ വിരമിക്കൽ വേണമെന്ന വാദമാണ് മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ ശശീന്ദ്രൻ ഉയർത്തുന്നത്. ശശീന്ദ്രൻ എം.എൽ.എസ്ഥാനം രാജിവെച്ചാൽ പകരം മന്ത്രിക്കുള്ള എൻ.സി.പിയുടെ വിലപേശൽ ദുർബലമാകും. ഒരു എം.എൽ.എ മാത്രമാകുന്നതോടെ മന്ത്രിസ്ഥാനം കാംക്ഷിക്കുന്ന മറ്റു പാർട്ടികൾക്ക് ഒപ്പമാകും എൻ.സി.പിയുടെ സ്ഥാനം. ശശീന്ദ്രൻ രാജിവെക്കുകയും പകരം മന്ത്രി ഉണ്ടാവുകയും ചെയ്തില്ലെങ്കിൽ പാർട്ടിയിൽ ചാക്കോ ഒറ്റപ്പെടുക മാത്രമല്ല കേരള ഘടകം പിളർപ്പിലേക്ക് നീങ്ങുകയും ചെയ്യും. ഇതോടെയാണ് ശരത് പവാറിനെ നേരിട്ട് ഇടപെടുവിക്കുകയെന്ന തന്ത്രം ചാക്കോ എടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 11ന് മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിലാണ് കൂടിക്കാഴ്ച.
അതേസമയം, മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ തയാറായാൽ പകരം സംസ്ഥാന അധ്യക്ഷ പദവി നൽകാമെന്ന വാഗ്ദാനം ദേശീയ വർക്കിങ് പ്രസിഡന്റ് കൂടിയായ ചാക്കോ മുന്നോട്ടുവെച്ചതായാണ് വിവരം. മലബാറിൽനിന്നുള്ള പാർട്ടിയുടെ മുതിർന്ന ഭാരവാഹി വഴിയാണ് ഇക്കാര്യം ശശീന്ദ്രനെ അറിയിച്ചത്. പുതിയ വാഹനവും നിലവിലുള്ള ഫണ്ട് കൈമാറ്റവും വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ മറുപടി ഉടൻ നൽകേണ്ടതില്ലെന്നാണ് ശശീന്ദ്രൻപക്ഷത്തിന്റെ നിലപാട്. നേരത്തേ തോമസ് കെ. തോമസിനൊപ്പം മുഖ്യമന്ത്രിയെ കാണാൻ ആവശ്യപ്പെട്ട് ചാക്കോ കത്ത് നൽകിയെങ്കിലും ശശീന്ദ്ര ൻ അവഗണിക്കുകയായിരുന്നു. മന്ത്രിസ്ഥാനം തോമസ് കെ. തോമസിന് നൽകണമെന്ന് മുഖ്യമന്ത്രിയോട് ശശീന്ദ്രൻ ആവശ്യപ്പെടണമെന്നാണ് കത്തിൽ നിർദേശിച്ചിരുന്നത്. പിന്നീട് മൂന്നുപേരും വെവ്വേറെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മന്ത്രിയെ പിൻവലിക്കുന്നത് പാർട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പകരം മന്ത്രിയുടെ കാര്യത്തിൽ മുന്നണി കൂടിയാലോചനക്ക് ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന നിലപാടാണ് പങ്കുവെച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.