കൊച്ചി: ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ നാമനിർദേശക പത്രികകൾ തള്ളിയതിനെതിരെ എൻ.ഡി.എ സ്ഥാനാർഥികൾ ഹൈകോടതിയെ സമീപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രത്യേക സിറ്റിങ്ങിൽ ഹരജികൾ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റും ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ അഡ്വ. നിവേദിതയുടെയും ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡൻറ് എൻ. ഹരിദാസിന്റെയും പത്രികകളാണ് സൂക്ഷ്മ പരിശോധനാവേളയിൽ വരാണാധികാരി തള്ളിയത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റിെൻറ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് നിവേദിതയുടെ പത്രിക തള്ളാൻ കാരണം. ഡമ്മി ഇല്ലാത്തതിനാൽ ഗുരുവായൂർ മണ്ഡലത്തിൽ എൻ.ഡി.എക്ക് ഇതോടെ സ്ഥാനാർഥി ഇല്ലാതായി. 2016ലും നിവേദിതയായിരുന്നു ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി. അന്ന് 25,490 വോട്ട് കിട്ടി. അതിവേഗത്തിൽ ബി.ജെ.പിയുടെ വോട്ട് വർധിച്ച മണ്ഡലമാണ് ഗുരുവായൂർ. ഈ തെരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്ന് ബി.ജെ.പി വിലയിരുത്തിയ മണ്ഡലം കൂടിയാണിത്.
തലശ്ശേരിയിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസിെൻറ പത്രികയാണ് തള്ളിയത്. ഇതോടെ മണ്ഡലത്തിലും ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാതായി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നല്കുന്ന ഫോറം 'എ' യിൽ നഡ്ഡയുടെ ഒപ്പിെൻറ സ്ഥാനത്ത് സീൽ പതിച്ചതാണ് പത്രിക തള്ളാൻ കാരണം. ഹരിദാസ് പത്രിക സമര്‍പ്പിച്ചപ്പോൾ ഒപ്പില്ലെന്നു വരണാധികാരി അറിയിച്ചിരുന്നു. ഉടൻ ഫാക്സ് വഴി പ്രസിഡന്റ് ഒപ്പിട്ട ഫോറം 'എ' ഹാജരാക്കിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോറം 'എ' രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും തള്ളിയിരുന്നു. കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി.
ദേവികുളത്ത് എൻ.ഡി.എ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയുടെ പത്രികയും അവശ്യവിവരങ്ങൾ ഉൾപ്പെടുത്താത്തതിനാൽ തള്ളിയിരുന്നു.
കേന്ദ്രമന്ത്രി അമിത് ഷാ മാർച്ച് 25ന് തലശ്ശേരിയിൽ പ്രചാരണത്തിന് എത്താനിരിക്കെയാണ് പാർട്ടിക്ക് തിരിച്ചടിയായ സംഭവം. അതേസമയം, പത്രിക തള്ളലിൽ പാർട്ടികൾ തമ്മിലെ ഒത്തുകളി ആരോപണവും ഉയർന്നിരുന്നു. സി.പി.എം-ബി.ജെ.പി ബാന്ധവമാണോ അതോ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടാണോ പത്രിക തള്ളലിന് പിന്നിലെന്ന വിവാദമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.