കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും

തിരുവനന്തപുരം: ജി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകീട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മേൽപ്പറമ്പിലാണ് ആദ്യ ദിവസത്തെ യാത്രയുടെ സമാപനം.

രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ.സുരേന്ദ്രന്റെ കാസർഗോഡ് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ ഒമ്പതിന് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയിൽ നടക്കുന്ന വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ കാസർഗോഡ് ലോക്സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്കാരിക നേതാക്കളുടെ സ്നേഹസംഗമം പരിപാടിയിലും അദ്ദേഹം സംസാരിക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും.

ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഒമ്പത്,10,12 തീയതികളിൽ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19,20,21 തായതികളിൽ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ കെ.സുരേന്ദ്രൻ നയിക്കുന്ന യാത്ര പര്യടനം നടത്തും. പൊന്നാനിയിൽ 23നും എറണാകുളത്ത് 24നും തൃശ്ശൂരിൽ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.

ഓരോ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും പദയാത്ര ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും സംഘടിപ്പിക്കും. ഓരോ പാർലമെന്റ് മണ്ഡലത്തിലും 25,000ത്തോളം പേർ നടക്കുന്ന യാത്രയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരും ഉണ്ടാകും.

രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്നേഹ സംഗമങ്ങളും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ ഗുണഭോക്ത‍ൃ സംഗമങ്ങളും നടക്കും. അതോടൊപ്പം വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും പ്രതീക്ഷകളും ചർച്ച ചെയ്യുന്ന വികസന സെമിനാറുകളും നടക്കും. പദയാത്രയുടെ എല്ലാ ദിവസവും രാവിലെ ഒമ്പതിന് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനങ്ങളുണ്ടായിരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പദയാത്രയിൽ ഓരോ മണ്ഡലങ്ങളിൽ നിന്നും 1000 പേർ പുതുതായി ബി.ജെ.പിയിലും എൻ.ഡി.എയിലും ചേരും.

കേന്ദ്രസർക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികളിൽ അംഗമാവാനുള്ള അവസരം കേരള പദയാത്രയിൽ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെൽപ്പ് ഡെസ്ക്കുകളുണ്ടാവും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളും പദയാത്രയിൽ പ്രദർശിപ്പിക്കും. എൻ.ഡി.എയുടെ വികസന രേഖയും പദയാത്രയിൽ പ്രകാശിപ്പിക്കും. 

Tags:    
News Summary - NDA Kerala Padayatra led by K.Surendran will start from Kasargod on 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.