നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് നാല് എസ്.ഐമാര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ നാല് എസ്.ഐമാര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. മതിയായ രേഖകളില്ലാതെ ആന്ധ്ര സ്വദേശികളടക്കം 20 പേരെ വിദേശത്തേക്ക് കടത്തിയതായി കണ്ടത്തെിയതിനത്തെുടര്‍ന്നാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എറണാകുളം പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

രണ്ട് കേസുകളിലായാണ് സി.ബി.ഐയുടെ കുറ്റപത്രം. 2011 ജനുവരി 19 ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി 12 ആന്ധ്ര സ്വദേശികളടക്കം 20 പേരെ കടത്തി വിട്ടെന്നാണ് ആദ്യത്തെ കേസ്. ഇതില്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന കായംകുളം സ്വദേശിയായ ആംഡ് പൊലീസ് എസ്.ഐ. ജോര്‍ജ് ജോണ്‍ (51), തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ആംഡ് പൊലീസ് എസ്.ഐ. എസ്. ബിനോയ് (38), തിരുവനന്തപുരം മുട്ടട സ്വദേശിനിയായ വനിതാ എസ്.ഐ അനിത (52), ട്രാവല്‍ ഏജന്‍റ് തിരുവനന്തപുരം സ്വദേശി ലിവിങ്സ്റ്റണ്‍ എന്നിവരാണ് പ്രതികള്‍. ലിവിങ്സ്റ്റണുമായി ഗൂഢാലോചന നടത്തിയ മറ്റ് പ്രതികള്‍ വന്‍ തുക കൈക്കൂലി വാങ്ങിയാണ് മനുഷ്യക്കടത്ത് നടത്തിയത്.  
2011ല്‍ മതിയായ രേഖകളില്ലാതെ വന്‍ തുക വാങ്ങി നിരവധി പേരെ കടത്തിവിട്ടെന്ന മറ്റൊരു കേസില്‍ സിവില്‍ പൊലീസ് ഓഫിസര്‍ കോതമംഗലം കോട്ടപ്പടി അടയാപുരം വീട്ടില്‍ എ.പി. അജീബാണ് ഒന്നാം പ്രതി. തൃശൂര്‍ മതിലകം പുതിയശ്ശേരി പി.എ. നിയാസ്, മതിലകം ചങ്ങലേഴത്ത് ഷഫീര്‍, കോട്ടപ്പടി സ്വദേശി എ.എസ്. പരീത്, നെടുമ്പാശ്ശേരിയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന ആംഡ് പൊലീസ് എസ്.ഐ. എസ്. സംജിത്ത് എന്നിവരാണ് ഈ കേസിലെ പ്രതികള്‍. ട്രാവല്‍ ഏജന്‍റായ നിയാസ് അടക്കമുള്ളവരില്‍നിന്ന് അനധികൃത കയറ്റി വിടലിന് അജീബ് 9.39 ലക്ഷം രൂപ കൈപ്പറ്റിയതായി സി.ബി.ഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

ട്രാവല്‍ ഏജന്‍റുമാര്‍ അജീബിന്‍െറ ബന്ധുവിന്‍െറ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ഈ പണം അജീബ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പങ്ക് വെച്ചതായാണ് സി.ബി.ഐയുടെ ആരോപണം. രേഖകള്‍ ചമച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും നേരത്തേ അജീബിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.ഐ കുറ്റപത്രം നല്‍കുന്ന നാലാമത്തെ കേസാണിത്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി സി.എം. സലീമിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്്.  
പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ത്തിരുന്ന ആറ് പേരെ ഒഴിവാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

Tags:    
News Summary - Nedumbassery human trafficing -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.