ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയതിന് പിന്നാലെ കേരളത്തിലെ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം.
കേരളത്തിൽ മാവോയിസ്റ്റുകളെന്ന പേരിൽ എട്ട് പേരെയാണ് ആറ് വർഷത്തിനിടെ 'ഏറ്റുമുട്ടൽ' കൊലപാതകങ്ങളിലൂടെ പൊലീസ് ഇല്ലാതാക്കിയതെന്നും ഇവയിൽ രണ്ടുപേർ സ്ത്രീകളായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസിറ്റിൽ ചൂണ്ടിക്കാട്ടി. ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയൽ അന്വേഷണങ്ങളുടെ റിപ്പോർട്ടുകളൊന്നും വെളിച്ചം കണ്ടിട്ടില്ല.
അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സർക്കാർ ഭാഷ്യങ്ങൾക്കപ്പുറം സത്യം ജനങ്ങൾക്ക് മുമ്പിൽ വന്നിട്ടില്ല. അതിനാൽ പിണറായി വിജയൻ സർക്കാറിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈദരാബാദ് ഏറ്റുമുട്ടൽ വ്യാജമാണെന്ന സംശയം പ്രകടിപ്പിക്കുന്ന 2019 ഡിസംബർ ആറിലെ ഫേസ്ബുക്ക് കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.