കൊച്ചി: ഗവേഷണം അടക്കമുള്ള പഠനാവശ്യത്തിനായി സർക്കാർ ജീവനക്കാരുടെ അവധി അപേക്ഷ മതിയായ കാരണമില്ലാതെ നിരാകരിക്കാനാകില്ലെന്ന് ഹൈകോടതി. ഗവേഷണാവശ്യത്തിനായി ആനുകൂല്യങ്ങളോടെയുള്ള അവധി അനുവദിക്കാത്തതിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ജിഷ മരിൻ ജോസ് നൽകിയ ഹരജി അനുവദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർക്ക് അവധി നിഷേധിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയ കോടതി, അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടു മാസത്തിനുള്ളിൽ യുക്തമായ തീരുമാനം എടുക്കാനും നിർദേശിച്ചു.
പഠനാവശ്യത്തിനായി ആനുകൂല്യങ്ങളോടെയുള്ള അവധി അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിന്റെ പേരിലാണ് അവധി നിഷേധിച്ചത്. ഗവേഷണാവശ്യത്തിനായി അവധിക്ക് അപേക്ഷിക്കുമ്പോൾ അക്കാദമിക് നേട്ടങ്ങൾ കണക്കിലെടുത്ത് വേണം തീരുമാനം എടുക്കേണ്ടതെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പ് വ്യക്തമാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഇതിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച്, ഇത്തരം അപേക്ഷകൾ മതിയായ കാരണമില്ലാതെ നിഷേധിക്കരുതെന്ന് വ്യക്തമാക്കുകയായിരുന്നു. അപേക്ഷകരുടെ വിദ്യാഭ്യാസ നേട്ടം അടക്കം വിലയിരുത്തിയായിരിക്കണം തീരുമാനം എടുക്കാനെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.