കൊച്ചി: പെരിയാർ തീരത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക തേടി ഹൈകോടതി. മേഖലയിൽ പ്രവർത്തിക്കാൻ എൻ.ഒ.സി നൽകിയ സ്ഥാപനങ്ങളുടെ പട്ടികയും ഇതോടൊപ്പം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദേശിച്ചു. ഏലൂർ, കുഴിക്കണ്ടം മേഖലയിൽ സ്വമേധയാ ആരോഗ്യ സർവേ നടത്താൻ സർക്കാർ തയാറാകാത്തതെന്തെന്ന് ആരാഞ്ഞ കോടതി, ഇത് സംബന്ധിച്ച് മൂന്നാഴ്ചക്കകം നിലപാടറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. പെരിയാറിലെ മലിനീകരണത്തിന് പരിഹാരം തേടി എറണാകുളം സ്വദേശി കെ.എസ്.ആർ. മേനോൻ അടക്കം നൽകിയ ഹരജികളിലാണ് കോടതിയുടെ നിർദേശം.
പെരിയാറിലുണ്ടായ മത്സ്യക്കുരുതിയെക്കുറിച്ച് പഠിക്കാൻ മുമ്പ് ഹരിത ട്രൈബ്യൂണൽ രൂപീകരിച്ച അഞ്ചംഗ സമിതിക്ക് നേരത്തെ കോടതി നിർദേശം നൽകിയിരുന്നു. കേന്ദ്ര -സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മേധാവികളെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയംഗങ്ങൾ സംഭവ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. ഇതിന്റെ ഭാഗമായി സന്ദർശനം നടത്തി വരുന്നതായി സമിതി കോടതിയെ അറിയിച്ചു. എൻ.ഒ.സി ലഭിച്ച സ്ഥാപനങ്ങളിലടക്കം സമിതി പരിശോധന നടത്തണമെന്ന് നിർദേശിച്ച കോടതി പരിശോധന തുടരാൻ അനുമതിയും നൽകി. ഇതിനിടെയാണ് 2008ൽ ഏലൂർ മേഖലയിൽ ആരോഗ്യ സർവേ നടന്ന ശേഷം മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം പരിഗണിച്ച കോടതി ഈ മേഖലയിൽ ഇപ്പോഴും മലിനീകരണം തുടരുകയാണെന്നും ആരോഗ്യ സർവേ നടത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സർവേക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച നിലപാട് രേഖാമൂലം അറിയിക്കാൻ തുടർന്ന് കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.