കോഴിക്കോട്: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ന്യൂനപക്ഷ താൽപര്യങ്ങൾ രാജ്യത്ത് അവഗണിക്കപ്പെടുന്നതാണെന്ന് ശശി തരൂർ എം.പി. ഭരിക്കുന്ന കക്ഷിക്ക് ഒരൊറ്റ മുസ്‍ലിം ജനപ്രതിനിധിയും ഇല്ല എന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തരൂർ.
മുസ്‍ലിം ന്യൂനപക്ഷത്തെ ഈ രാജ്യത്തിന് ആവശ്യമില്ലെന്ന് ബി.ജെ.പി പറയാതെ പറയുകയാണ് ഈ നടപടിയിലൂടെ ചെയ്തത്. ഇത് ഭരണഘടനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അഭയാർഥി മുസ്‍ലിമാണെങ്കിൽ പൗരത്വം നൽകില്ലെന്ന് സർക്കാർ തീരുമാനിച്ചത് ഈ രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിരുന്നു. വ്യക്തിയോടുള്ള രാജ്യത്തിന്റെ പരിഗണന മതമാണ് എന്നത് നിർഭാഗ്യകരമാണ്.
ഭരണഘടന എല്ലാ വ്യക്തിക്കും ഒരേ പരിഗണനയാണ് ഉറപ്പുതരുന്നത്. ബുൾഡോസർ കൊണ്ടുപോയി ഒരു വിഭാഗത്തിന്റെ കെട്ടിടങ്ങളും വീടുകളും തകർത്തത് നാം കണ്ടു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. ഭരണഘടനയനുസരിച്ച് രാജ്യത്ത് സാഹോദര്യം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് ഭരിക്കുന്നവരുടെ പ്രധാന ചുമതലയാണെന്നും തരൂർ പറഞ്ഞു.
രാജ്യത്ത് കോടതി പോലെ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളിൽ പോലും സർക്കാറിന്റെ ആളുകളെ കുടിയിരുത്തി സർക്കാറിന്റെ താൽപര്യങ്ങൾക്ക് അനുകൂലമായി മാത്രം പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെ മാറ്റി. യു.എ.പി.എ നിലവിൽ വന്ന ശേഷം സർക്കാറിന് ആരെയും ഭീകരവാദിയാക്കാവുന്ന അവസ്ഥയാണ്. ഇതെല്ലാം ചോദ്യം ചെയ്യപ്പെടണം. പാർലമെന്റിൽ സംവാദങ്ങൾക്ക് അവസരം നിഷേധിക്കുകയാണ് മോദി സർക്കാർ. വിവിധ സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജയിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടാൻ കോൺഗ്രസിന് സാധിക്കണം. എന്നാലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും വിജയം വരിക്കാൻ സാധിക്കൂ എന്നും തരൂർ അഭിപ്രായപ്പെട്ടു.
എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കും പോലെ ജുഡീഷ്യറിയേയും നോക്കുകുത്തിയാക്കുകയാണെന്ന് രാഘവൻ വിമർശിച്ചു. ബിൽ ഉൽപാദിപ്പിക്കുന്ന ഫാക്ടറി മാത്രമാക്കി പാർലമെൻറിനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ലോയേഴ്സ് കോൺഗ്രസ് സിറ്റി കമ്മിറ്റി പ്രസിഡന്റ് അഡ്വ. സുനീഷ് മാമിയിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പി. നിധീഷ്, അഡ്വ. മാത്യു കട്ടിക്കാന, അഡ്വ. കെ.എം ഖാദിരി, അഡ്വ. ടി.വി ഹരി, അഡ്വ. കെ. ജയപ്രശാന്ത് ബാബു, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. നിഹാൽ എന്നിവർ പങ്കെടുത്തു. അഡ്വ. എ. വി. അനൂപ് സ്വാഗതവും അഡ്വ. സുനോബിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.