തൃശൂര്‍: ഒന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാടി നെഹ്റു എന്‍ജിനീയറിങ്, ഫാര്‍മസി കോളജുകളില്‍ ജനുവരി ഏഴ് മുതല്‍ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിവന്ന സമരം അവസാനിച്ചു. ക്ളാസുകള്‍ വെള്ളിയാഴ്ച പുനരാരംഭിക്കും. വിദ്യാര്‍ഥി, മാനേജ്മെന്‍റ്, രക്ഷാകര്‍തൃ പ്രതിനിധികളുമായി തൃശൂര്‍ കലക്ടര്‍ ഡോ. എ. കൗശിഗന്‍ നടത്തിയ നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് തീരുമാനം.
കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ കോളജിന്‍െറ ദൈനംദിന ചുമതലകളില്‍നിന്ന് ഒഴിവാക്കാനും കേസില്‍ പ്രതിസ്ഥാനത്തുള്ള മുഴുവന്‍ പേരെയും കോളജിന്‍െറ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനും യോഗത്തില്‍ തീരുമാനമായി. പ്രതികളായ ട്രസ്റ്റ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ നടപടി ഊര്‍ജിതമാക്കിയതായി റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ ഉറപ്പുനല്‍കി.
രാവിലെ 9.30ഓടെയാണ് യോഗം തുടങ്ങിയത്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു യോഗം. എന്നാല്‍, യോഗത്തില്‍ കോളജ് ട്രസ്റ്റ് അംഗങ്ങളാരും എത്താതിരുന്നത് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ ചോദ്യം ചെയ്തു. നെഹ്റു ഗ്രൂപ് ഓഫ് കോളജിനെ പ്രതിനിധാനം ചെയ്ത് അഡ്മിനിസ്ട്രേറ്റിവ് മാനേജര്‍ ശ്രീനിവാസന്‍, ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ അംബികാദാസ്, അധ്യാപകരായ രാമചന്ദ്രന്‍, ഇര്‍ഷാദ്, ജിതിന്‍ മോഹന്‍ദാസ് എന്നിവരാണ് യോഗത്തിനത്തെിയത്. കോളജിന്‍െറ ഭാഗത്തുനിന്ന് പറയേണ്ട പല കാര്യങ്ങളിലും ഉറപ്പുനല്‍കാന്‍ പ്രതിനിധികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കലക്ടറുള്‍പ്പെടെ തീരുമാനങ്ങള്‍ പറയുകയായിരുന്നു.യോഗതീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
പി.ടി.എയും വിദ്യാര്‍ഥി യൂനിയന് പകരം 15 അംഗ സ്റ്റുഡന്‍റ്സ് കോഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു.യു.ആര്‍. പ്രദീപ് എം.എല്‍.എ, റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ കെ.എസ്. റോസല്‍ രാജ്, അതുല്‍ ജോസ് (എസ്.എഫ്.ഐ), ശോഭ സുബിന്‍, മിഥുന്‍ മോഹന്‍ (കെ.എസ്.യു), എ. പ്രസാദ് (എ.ബി.വി.പി), ബി.ജി. വിഷ്ണു, ശ്യാല്‍ പുതുക്കാട്, സുബിന്‍ നാസര്‍ (എ.ഐ.എസ്.എഫ്), ഹസിന്‍ അലി, നൗഷാദ് (എം.എസ്.എഫ്) എന്നിവരും രക്ഷാകര്‍തൃ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.