നെന്മാറ: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽനിന്ന് തമിഴ് തോട്ടം തൊഴിലാളി കുടുംബങ്ങൾ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നു. പൂർണമായി പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട് ജീവിതം അസാധ്യമാകുമെന്ന തിരിച്ചറിവിലാണ് ഇവർ ഭാണ്ഡവുമെടുത്ത് കാൽനടയായി വീണ്ടും തമിഴ്നാട്ടിലേക്ക് പോകുന്നത്. പലരും ജീവിതം നെല്ലിയാമ്പതിയിൽ കരുപിടിപ്പിച്ചവരാണ്. പക്ഷേ, ദുഷ്കരമാകുന്ന ജീവിതത്തിൽനിന്ന് കരകയറാതെ ഇവർക്ക് മറ്റുമാർഗമില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി 130ഓളം പേരാണ് കാൽനടയായി നെന്മാറയിലെത്തി പൊള്ളാച്ചിയിലേക്ക് പോയത്. സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റും തീർന്നതും പലർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് രോഗം ബാധിച്ചതുമാണ് തിരികെ മടങ്ങാൻ കാരണമെന്നാണ് ഇവർ പറയുന്നത്. നാട്ടിലെത്തിയാൽ ബന്ധുക്കളുണ്ട്. അടിയന്തര ചികിത്സയും ഭക്ഷണവും ലഭിക്കും. എല്ലാം ശരിയായാൽ വീണ്ടും നെല്ലിയാമ്പതിയിലേക്ക് തന്നെ തിരിച്ചെത്തും.
ഗതാഗതം പൂർണമായി സ്തംഭിച്ചതിനാൽ നെല്ലിയാമ്പതിയിലെ സാധാരണജീവിതം ദുസ്സഹമാകും. രോഗികൾക്കും വിദ്യാർഥികൾക്കുമായിരിക്കും ഏറെ ബുദ്ധിമുട്ട്. റോഡ് പൂർണമായി പുനർനിർമിക്കണമെങ്കിൽ മാസങ്ങളെടുക്കും. ഭക്ഷ്യധാന്യങ്ങൾ നെല്ലിയാമ്പതിയിൽ ഉണ്ടെങ്കിലും മൂന്ന് റേഷൻ കടകൾ കഴിഞ്ഞ ഒരാഴ്ച തുറക്കാൻ കഴിഞ്ഞിട്ടില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ കടകളിലൂടെ വിതരണം കാര്യക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല.
നെല്ലിയാമ്പതിയിൽ എല്ലാ റേഷൻ കടയും ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് സപ്ലൈ ഓഫിസർ പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ പാചകം ചെയ്ത് നെല്ലിയാമ്പതിക്കാർക്ക് നൽകുകയാണ്.
ചൊവ്വാഴ്ച മുതൽ ഡീസൽ, മണ്ണെണ്ണ, പാചകഗ്യാസ് എന്നിവ നെല്ലിയാമ്പതിയിലെത്തിക്കാൻ സംവിധാനമൊരുക്കുന്നുണ്ട്.
ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടും വിതരണമുണ്ടായില്ലെങ്കിൽ റേഷൻ കടയുടമകളോട് വിശദീകരണം ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.