എലത്തൂർ (കോഴിക്കോട്) : 150 രൂപ നൽകി അംഗത്വമെടുത്താൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും മരിച്ചാൽ 10,000 രൂപ നൽകുമെന്ന വാഗ്ദാനവുമായി ഓൺലൈൻ നെറ്റ്വർക്ക് മാർക്കറ്റിങ് തട്ടിപ്പുസംഘം സജീവമാകുന്നു. ചാരിറ്റി പ്രവർത്തനത്തിന് സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത സംഘമെന്നു ധരിപ്പിച്ചാണ് അംഗങ്ങളെ ചേർക്കുന്നത്. കൂടുതൽ വിശ്വാസ്യത വരുത്താൻ അഭിഭാഷകരും സാമൂഹിക സേവന രംഗത്തുള്ളവരും നേതൃത്വം വഹിക്കുന്ന സൊസൈറ്റി എന്നും പ്രചരിപ്പിക്കുന്നുണ്ട്.
റിട്ട. ജസ്റ്റിസുമാർ വരെ അംഗങ്ങളാണെന്നു പറഞ്ഞാണ് എറണാകുളം ആസ്ഥാനമായുള്ള സൊസൈറ്റിക്കുവേണ്ടി ജില്ലയിൽ വൻതോതിൽ അംഗങ്ങളെ ചേർക്കുന്നത്. ദാരിദ്ര്യനിർമാർജനം ലക്ഷ്യംവെച്ചാണ് സൊസൈറ്റി ആരംഭിച്ചതെന്നും നെറ്റ്വർക്ക് മാർക്കറ്റിങ്ങിെൻറ നിയമാനുസൃത നടപടികൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനമെന്നും കണ്ണിചേർക്കുന്നവരെ ധരിപ്പിക്കുകയാണ്.
സൊസൈറ്റിക്കുവേണ്ടി സംഭാവന സ്വീകരിക്കുന്നതായും സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുന്നുണ്ട്. ആജീവനാന്ത അംഗത്വത്തിന് 1500 രൂപ നൽകണം. 220 രൂപ നൽകിവേണം ബിസിനസ് അംഗത്വമെടുക്കേണ്ടത്. തുടർന്ന് രണ്ടുപേരെ കൂടി ചേർക്കണമെന്നും ശേഷം ആഴ്ചയിൽ വരുമാനം വന്നുചേരുമെന്നും വിശ്വസിപ്പിച്ചാണ് പ്രചാരണം നടത്തുന്നത്.
ഒമ്പതു സ്റ്റേജ് എത്തുന്നതോടെ 75 ലക്ഷത്തോളം രൂപ ലഭിക്കുമെന്ന വാഗ്ദാനത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിക്കൊണ്ടിരിക്കുകയാണ്. പത്താം സ്റ്റേജിൽ എത്തിയാൽ സേവനപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള സംരംഭത്തിന് ഒരു കോടി അറുപത് ലക്ഷം രൂപ ലഭിക്കുമെന്നും സംഘം വാഗ്ദാനം ചെയ്യുന്നുണ്ട്.
അംഗത്വമെടുക്കുന്നതോടെ അതിനുമുമ്പ് ചേർന്ന അഞ്ചുപേർക്ക് നാൽപതു രൂപ വീതം വെച്ച് കൊടുക്കും. ഇങ്ങനെയുള്ള ഗുണിതങ്ങളിൽ വൻ വരുമാനമുണ്ടാകുമെന്നാണ് സൊസൈറ്റി വാഗ്ദാനം ചെയ്യുന്നത്. എലത്തൂർ, പുതിയങ്ങാടി, കക്കോടി, പറമ്പിൽബസാർ, അത്തോളി, കുരുവട്ടൂർ, ചേളന്നൂർ, തലക്കുളത്തൂർ, കാക്കൂർ എന്നീ ഭാഗങ്ങളിൽ നിരവധിപേർ ഇതിനകംതന്നെ കെണിയിൽ വീണു കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.