കാസർകോട്: ലോകത്തുണ്ടാകുന്ന പുതിയ കണ്ടെത്തലുകൾ വിദ്യാർഥികൾക്കു മുന്നിൽ ചർച്ചക്ക് വെക്കുന്ന കേന്ദ്ര വാഴ്സിറ്റികളിലെ സെമിനാറുകൾ വെട്ടിച്ചുരുക്കി, പകരം ആർ.എസ്.എസിന്റെ 'പുഷ്പക വിമാന പാഠങ്ങൾ'ക്ക് വാഴ്സിറ്റിയിൽ വേദിയൊരുക്കി. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടനയായ ഭാരത് ശിക്ഷൺ മഞ്ചിന്റെ കീഴിൽ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ റിസർച്ച് ഫോർ റിസർജന്റ്സ് ഫൗണ്ടേഷന്റെ (ആർ.എഫ്.ആർ.എഫ്) ശിൽപശാലയാണ് കേന്ദ്ര സർവകലാശാല പ്രാധാന്യത്തോടെ നടത്തിയത്.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രലായത്തിന്റെ അനുമതിയോടെ രാജ്യത്തെ എല്ലാ കേന്ദ്ര സർവകലാശാലകളിലും പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനു മുന്നോടിയായി ഈ എൻ.ജി.ഒ ശിൽപശാലകൾ സംഘടിപ്പിച്ചുവരുകയാണ്. കാവിവത്കരണത്തിന് അടിസ്ഥാനമൊരുക്കുന്നതിനുള്ള വ്യാജ ചരിത്ര നിർമാണമാണ് ഉദ്ദേശിക്കുന്നത്.
ഭാരതീയ മൂല്യങ്ങൾ പഠിപ്പിക്കാനെന്ന പേരിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ കേന്ദ്ര വാഴ്സിറ്റിയിലെ വകുപ്പു മേധാവികളും ഡീനുമാരും തെരഞ്ഞെടുക്കപ്പെട്ട 'സംഘി' അധ്യാപകരുമാണ് പങ്കെടുക്കുക. വാഴ്സിറ്റി തന്നെയാണ് ഈ ആർ.എസ്.എസ് നിയന്ത്രിത സംഘടനയുടെ പരിപാടി സംഘടിപ്പിക്കുന്നത്.
പെരിയയിൽ കേന്ദ്ര കേരള വാഴ്സിറ്റിയിൽ ഫൗണ്ടേഷൻ ട്രസ്റ്റിയും ഓർഗനൈസിങ് സെക്രട്ടറിയുമായ മുകുൾ കനിട്കർ ആണ് ക്ലാസ് എടുത്തത്. 'പുഷ്പക വിമാനം ഉണ്ടായിരുന്നുവെന്ന് തെളിവു കാണിച്ചാൽപോലും വിശ്വസിക്കാത്ത കാലമാണ്' എന്നു പറഞ്ഞ കനിട്കർ, മനുസ്മൃതിയിലും കൗടില്യന്റെ അർഥശാസ്ത്രത്തിലും 'ജനാധിപത്യം' ഉണ്ടെന്നും പരാമർശിച്ചു. 'ഭൂതകാലത്തെ മഹത്ത്വത്തിലായിരിക്കണം വർത്തമാനകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്' എന്നും പറഞ്ഞു.
ചരിത്രം മാറ്റിയെഴുതാൻ ആർ.എസ്.എസ് നിയോഗിച്ച എൻ.ജി.ഒ ആണ് ആർ.എഫ്.ആർ.എഫ്. അന്ധവിശ്വാസങ്ങൾക്ക് അടിത്തറയുണ്ടാക്കാൻ കേന്ദ്ര വാഴ്സിറ്റി അധ്യാപകർക്ക് റിസർച്ച് പ്രോജക്ട് നൽകുകയാണ് ചെയ്യുന്നത്. പെരിയ കേന്ദ്ര വാഴ്സിറ്റിയിൽ ആർ.എസ്.എസ് സഹചാരിയായ അധ്യാപകനാണ് പ്രോജക്ട് ലഭിച്ചത്. 'ചോള രാജവംശത്തിന്റെ വിദേശ നയങ്ങൾ' എന്നതാണ് വിഷയം. ഇത് പൂർത്തിയാക്കി ആർ.എഫ്.ആർ.എഫിന് സമർപ്പിച്ച് സ്വന്തമായി ഫണ്ട് കൈപ്പറ്റാം. പുതിയ വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കുന്ന സെമിനാറുകൾ ഒഴിവാക്കുകയും അന്ധവിശ്വാസത്തിന് അടിസ്ഥാനം കണ്ടെത്തുന്ന ചുമതലകൾ അധ്യാപകരെ ഏൽപിക്കുകയുമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.