നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ ഏഴു മുതല്‍ നാലു ദിവസം എറണാകുളത്ത്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്റെ ഭാഗമായാണ് ജില്ലയില്‍ നാലു ദിവസം എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികള്‍ പരിഹരിക്കാനുമാണ് നവകേരള സദസ്.

ഇതോടനുബന്ധിച്ച് സമസ്ത മേഖലയിലേയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയായ പ്രഭാത യോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസുമാണ് നടക്കുക. ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതിന് അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പ്രഭാത യോഗം നടക്കുക. തൃശൂര്‍ ജില്ലയിലെ ചാലക്കുടി, ജില്ലയിലെ അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായാണ് പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നത്.

തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ ബഹുജനസദസില്‍ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കും. മണ്ഡലസദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുന്നെ ജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. വൈകിട്ട് 4.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തും ആറിന് പറവൂര്‍ ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.

രണ്ടാം ദിവസമായ ഡിസംബര്‍ എട്ടിന് രാവിലെ ഒമ്പതിന് പ്രഭാതയോഗം കലൂര്‍ ഐ.എം.എ ഹൗസില്‍ ചേരും. വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായാണ് പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നത്. തുടര്‍ന്ന് രാവിലെ 11ന് ഞാറക്കല്‍ ജയ്ഹിന്ദ് ഗ്രൗണ്ടില്‍ വൈപ്പിന്‍ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടില്‍ കൊച്ചി മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശ്ശേരി മണ്ഡലത്തിലെയും വൈകീട്ട് ആറിന് മറൈന്‍ഡ്രൈവില്‍ എറണാകുളം മണ്ഡലത്തിലെയും നവകേരള സദസുകള്‍ സംഘടിപ്പിക്കും.

മൂന്നാം ദിവസമായ ഡിസംബര്‍ ഒമ്പതിന് രാവിലെ ഒമ്പതിന്ന് തൃപ്പൂണിത്തുറ അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററില്‍ തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്ത്നാട് മണ്ഡലങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി പ്രഭാതയോഗം ചേരും. തുടര്‍ന്ന് രാവിലെ 11ന് കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ തൃക്കാക്കര മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം മണ്ഡലത്തിലെയും ആറിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കുന്നത്തുനാട് മണ്ഡലത്തിലെയും നവകേരള സദസുകള്‍ സംഘടിപ്പിക്കും.

ജില്ലയിലെ അവസാന ദിവസമായ ഡിസംബര്‍ 10ന് രാവിലെ ഒമ്പതിന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തില്‍ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും. തുടര്‍ന്ന് രാവിലെ 11ന് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ കോതമംഗലം മണ്ഡലത്തിലെയും 4.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെയും നവകേരള സദസുകളോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും.

നവകേരള സദസിന് മുന്നോടിയായി 14 മണ്ഡലങ്ങളിലും വിപുലമായ സംഘാടക സമിതികളാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്തും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബ്രോഷറുകളും അതാത് സംഘാടക സമിതികളുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും എത്തിക്കും.

Tags:    
News Summary - New Kerala audience: Chief Minister and Ministers in Ernakulam for four days from December 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.