കൊച്ചി: മദ്യനയം ചോദ്യംചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. നയപരമായ തീരുമാനമെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന നിയമവിരുദ്ധമായ പുതിയ മദ്യനയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം.
വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മദ്യനയമെന്ന് കേസ് പരിഗണിക്കെവ സർക്കാർ കോടതിയെ അറിയിച്ചു. മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗം കൂടിയതായി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ സാഹചര്യത്തിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉയർത്തി സമർപ്പിച്ച ഹരജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കാനാണോ കൂടുതൽ മദ്യഷാപ്പുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ ആരാഞ്ഞു. വിഷയം പൊതുതാൽപര്യമുള്ളതായതിനാൽ, ഫയലിൽ സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജിയിൽ സർക്കാറടക്കം എതിർകക്ഷികളോട് വിശദീകരണം തേടുകയായിരുന്നു.
പുതിയ മദ്യനയം സംസ്ഥാനത്ത് മദ്യ ഉപഭോഗം വൻതോതിൽ വർധിപ്പിക്കുമെന്നും ഇത് സാമൂഹിക വിപത്തായി മാറുമെന്നും ചൂണ്ടിക്കാട്ടിയാണ് സുധീരൻ ഹരജി നൽകിയത്. തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കാമെന്ന പുതിയ മദ്യനയത്തിന് സർക്കാർ രൂപം നൽകിയത്. വസ്തുതകളുടെ പിൻബലമില്ലാത്ത ഇത്തരം നയങ്ങൾ മൗലികാവകാശ ലംഘനത്തിന് വഴിവെക്കുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.