കൊല്ലം: കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവുമായി പൊലീസ്. അറസ്റ്റിലായ മാതാവ് രേഷ്മയുടെ കാമുകന്‍റെ പേര് അനന്ദുവാണെന്ന് പൊലീസ് അറിയിച്ചു.
അനന്ദു എന്ന പേരിലാണ് ഫേസ്ബുക്ക് ഐ.ഡിയുള്ളതെന്നും ഇയാൾ കൊല്ലം സ്വദേശിയാണെന്നുമാണ് സൂചന. അതേസമയം, ഈ പേര് വ്യാജമാകാനും സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ഇയാൾ പരവൂരിലും വർക്കലയിലും കൂടിക്കാഴ്ചക്കായി രേഷ്മയെ വിളിച്ചിരുന്നു. രേഷ്മ ഇവിടെ എത്തിയെങ്കിലും ഇയാൾ രണ്ടിടങ്ങളിലും വന്നില്ല. ഇയാളും രേഷ്മയും തമ്മിൽ നടത്തിയത് വാട്ട്സ്ആപ്പ് കാളുകളാണ്. ഇത് വീണ്ടെടുക്കാനാവാത്തത് പൊലീസിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ജനുവരി അഞ്ചിനാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലകൊണ്ട് മൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടത്തിയത്. കുഞ്ഞ് പിന്നീട് മരിച്ചു. സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കഴിഞ്ഞദിവസം പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിന് വിളിപ്പിച്ചതോടെയാണ് ഇവർ പുഴയിൽ ചാടിയത്.
കേസിൽ രേഷ്മയുടെ ഭർത്താവിനും ബന്ധുക്കൾക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കുറ്റം രേഷ്മ ഏറ്റെടുത്തതാണോ എന്ന സംശയം പൊലീസിനുണ്ട്. ഒരു വീട്ടിൽ ഒരുമിച്ച് കഴിഞ്ഞ ഭർത്താവോ ബന്ധുക്കളോ പ്രസവവിവരം അറിഞ്ഞില്ല എന്ന മൊഴി പൊലീസ് തള്ളുകയാണ്.
പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. പൂർണഗർഭം ഒളിപ്പിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ വിദഗ്ധർ പറയുമ്പോൾ, വീട്ടിൽ ഉള്ളവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.