കൊച്ചി: മനുഷ്യർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള അവസരങ്ങളൊരുക്കുകയാണ് സർക്കാറിതര കൂട്ടായ്മകൾ (എൻ.ജി.ഒ) ചെയ്യേണ്ടതെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ അനുസ്മരണ പ്രഭാഷണവും പി.ജി സ്കോളർഷിപ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യം മോശമായ ഒരാൾക്ക് പണം കൊടുത്തിട്ട് കാര്യമില്ല.
അവരെ സ്വന്തം കാലിൽ നിർത്താനുള്ള ശ്രമമാണുണ്ടാകേണ്ടത്. ന്യൂനപക്ഷക്ഷേമ പദ്ധതികൾ കണ്ടെത്തി അർഹരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. ഇത്തരം കാര്യങ്ങളിൽ വഴികാട്ടിയ നേതാവായിരുന്നു സിദ്ദീഖ് ഹസൻ. അദ്ദേഹത്തെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും വഹാബ് കൂട്ടിച്ചേർത്തു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്‍റെ വിഷൻ പദ്ധതികളുടെ ചീഫ് ആർക്കിടെക്റ്റ് ആയിരുന്നു സിദ്ദീഖ് ഹസനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിഷൻ ഗവേണിങ് കൗൺസിൽ ചെയർമാനും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറലുമായ ടി. ആരിഫലി പറഞ്ഞു.
ദീർഘ വീക്ഷണമുള്ള ആളായിരുന്നു സിദ്ദീഖ് ഹസനെന്ന് പി.ജി സ്കോളർഷിപ് വിതരണോദ്ഘാടനം നിർവഹിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം പറഞ്ഞു. സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിസന്ധികളാണ് നേരിടുന്നതെന്നും രാജ്യത്തിന്‍റെ ശിൽപികൾ മുന്നോട്ടുവെച്ച മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണെന്നും 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.
ഫൗണ്ടേഷൻ ട്രഷറർ മുഹമ്മദ് ജഅ്ഫർ, സി.ഇ.ഒ നൗഫൽ പി.കെ, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി. മുജീബ് റഹ്മാന്‍, കൊച്ചി സിറ്റി പ്രസിഡന്‍റ് എം.പി. ഫൈസൽ എന്നിവർ സംബന്ധിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ടി. ആരിഫലി എന്നിവർ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. രാജ്യത്തെ ഉന്നതകലാലയങ്ങളിൽ പഠിക്കുന്ന 100 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിച്ചത്. കേരളത്തിൽനിന്ന് 27 പേർക്കാണ് സ്കോളർഷിപ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.