ആലപ്പുഴ: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെതിരെ ഉയർന്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി കലിംഗ സർവകലാശാല രംഗത്ത്. നിഖിൽ തോമസ് എന്ന വിദ്യാർഥി ബി.കോമിന് പഠിച്ചിട്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കി.
നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമവാർത്തകൾക്ക് പിന്നാലെയാണ് രേഖകൾ പരിശോധിച്ചെതന്നും രജിസ്ട്രാർ വ്യക്തമാക്കി.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ആണെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ വാദം. എസ്.എഫ്.ഐ നേതാക്കൾക്കെതിരെ മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ആർഷോ ആരോപിച്ചിരുന്നു.
2019 മുതൽ കലിംഗയിൽ പഠിച്ചുവെന്നാണ് നിഖിലിന്റെ വാദം. എന്നാൽ 2018-20 കാലഘട്ടത്തിൽ കായംകുളം എം.എസ്.എം കോളജിലെ ബി.കോം വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ പാസായിരുന്നില്ല. 2021ൽ ഇതേ കോളജിൽ നിഖിൽ എം.കോമിന് ചേർന്നതോടെയാണ് വിഷയം വിവാദമായത്. പ്രവേശനം ലഭിക്കാനായി 2019-21 കാലയളവിലെ കലിംഗ സർവകലാശാലയുടെ ബി.കോം സർട്ടിഫിക്കറ്റ് നിഖിൽ ഹാജരാക്കിയിരുന്നു. ഒരാൾക്ക് ഒരേ സമയത്ത് കായംകുളത്തും കലിംഗ യൂനിവേഴ്സിറ്റിയിലും എങ്ങനെ പഠിക്കാൻ സാധിക്കും എന്നതാണ് വിവാദമായിരിക്കുന്നത്.
അതോടെ കലിംഗ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപണമുയർന്നു. പരാതിയുയർന്നതോടെ നിഖിൽ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്ന് എസ്.എഫ്.ഐ നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.